HEAD LINES Kerala

‘കൈക്കൂലി കൊടുക്കുന്നതും വാങ്ങുന്നതും തെറ്റാണ്; അഖില്‍ മാത്യു ബന്ധുവല്ല’: വീണാ ജോര്‍ജ്

എന്‍എച്ച്എം ഡോക്ടര്‍ നിയമനത്തിന് പണം വാങ്ങിയെന്ന പരാതി വസ്തുതാവിരുദ്ധമെന്ന് മന്ത്രി വീണാ ജോര്‍ജ്.ആരോപണ വിധേയനോട് വിശദീകരണം തേടി. തന്റെ ഓഫിസും സ്റ്റാഫ് അംഗവും പൊലീസില്‍ പരാതി നല്‍കി. ഡിജിപിക്കാണ് പരാതി നൽകിയത്. പേഴ്‌സണൽ അസിസ്റ്റന്റ് അഖില്‍ മാത്യു തന്റെ ബന്ധുവല്ല. ആര്‍ക്കും ഒരു ആശങ്കയും വേണ്ടെന്ന് മന്ത്രി പറഞ്ഞു.(Veena George on allegation of bribery)

പൊലീസ് ശാസ്ത്രീയമായി അന്വേഷിക്കും. കുറ്റം ചെയ്താല്‍ കര്‍ശനനടപടി. കൈക്കൂലി കൊടുക്കുന്നതും വാങ്ങുന്നതും തെറ്റാണ്. എല്ലാ കാര്യങ്ങളും സർക്കാർ അഴിമതി രഹിതമായി തന്നെ പരിഹരിക്കും.

പണം വാങ്ങിച്ചിട്ടുണ്ടെങ്കിൽ പൊലീസിൽ പരാതി നൽകണം. തെളിവുകളുടെ അടിസ്ഥാനത്തിൽ പൊലീസ് കാര്യങ്ങൾ പരിശോധിക്കും. എവിടുന്നാണ് മെയിൽ പോയത് എന്നിവയുൾപ്പെടെ പരിശോധിക്കും. സത്യം മാത്രമേ വിജയിക്കൂ സത്യം പുറത്ത് വരുമെന്നും വീണാ ജോർജ് പറഞ്ഞു.

ആരോ​ഗ്യമന്ത്രി വീണ ജോർജിന്റെ സ്റ്റാഫ് അഖിൽ മാത്യുവിനെതിരെയാണ് കൈക്കൂലി ആരോപണം വന്നത്. താത്കാലിക നിയമനത്തിന് അഖിൽ മാത്യു 5 ലക്ഷം ആവശ്യപ്പെട്ടു. മുൻകൂറായി 1.75 ലക്ഷം രൂപ കൈപ്പറ്റി.

ഇടനിലക്കാരനും പണം വാങ്ങിയതായി പരാതിയിലുണ്ട്. എൻഎച്ച്എം ഡോക്ടർ നിയമനത്തിന് കൈക്കൂലി ആവശ്യപ്പെട്ടെന്ന് മലപ്പുറം സ്വദേശി ഹരിദാസനാണ് പരാതി നൽകിയിരിക്കുന്നത്.

പരാതി മന്ത്രിയുടെ ഓഫീസ് ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. ആയുഷ് മിഷന് കീഴിൽ മലപ്പുറം മെഡിക്കൽ മെഡിക്കൽ ഓഫീസറയി ഹോമിയോ വിഭാഗത്തിലാണ് നിയമനം വാഗ്‌ദാനം ചെയ്‌തത്‌.

മകന്റെ ഭാര്യക്ക് മെഡിക്കൽ ഓഫീസർ നിയമനത്തിനാണ് പണം നൽകിയതെന്ന് പരാതിക്കാരനായ ഹരിദാസൻ വ്യക്തമാക്കി. 5 ലക്ഷം രൂപ ​ഗഡുക്കളായി നൽകാനാണ് ആവശ്യപ്പെട്ടതെന്നും ഇയാൾ ആരോപിക്കുന്നു. എന്നാൽ ആരോപണം അഖിൽ മാത്യു നിഷേധിച്ചു.