Kerala Latest news

ജനകീയപങ്കാളിത്തത്തോടെ ആര്‍ദ്രം മിഷന്റെ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കും,കുറേയേറെ വിഷയങ്ങള്‍ പരിഹരിക്കാന്‍ സാധിച്ചു; വീണാ ജോർജ്

ആശുപത്രികളില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആര്‍ദ്രം ആരോഗ്യം പരിപാടിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ ആശുപത്രികള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.(Veena George About Ardram Mission)

ആശുപത്രികളുടെ വികസന പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കാണാനും അവിടുത്തെ സേവനങ്ങള്‍ എങ്ങനെയാണ് അനുഭവവേദ്യമാകുന്നത് എന്ന് ജനങ്ങളില്‍ നിന്നും നേരിട്ട് കേള്‍ക്കാനുമാണ് ആശുപത്രികള്‍ സന്ദര്‍ശിക്കുന്നത്. ആശുപത്രികളില്‍ നിന്നുള്ള ഫീഡ്ബാക്ക് ഉള്‍ക്കൊണ്ട് ജനകീയപങ്കാളിത്തത്തോടെ ആര്‍ദ്രം മിഷന്റെ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുക എന്നുള്ളതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

കേരളത്തിന്റെ ആരോഗ്യ മേഖലയെ സംബന്ധിച്ചിടത്തോളം ആര്‍ദ്രം ആരോഗ്യം വലിയ മാറ്റം ഉണ്ടാക്കും. കഴിഞ്ഞ രണ്ടു ദിവസമായി എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലെ സന്ദര്‍ശനങ്ങളില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. കുറേയേറെ വിഷയങ്ങള്‍ രണ്ടു ദിവസങ്ങളിലായി പരിഹരിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം ജില്ലയില്‍ ഒന്നാം ഘട്ടമായി വര്‍ക്കല താലൂക്ക് ആശുപത്രി, ചിറയിന്‍കീഴ് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, ആറ്റിങ്ങല്‍ താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് സന്ദര്‍ശിച്ചത്. വര്‍ക്കലയില്‍ വി. ജോയ് എം.എല്‍.എ.യും ചിറയിന്‍കീഴ് വി. ശശി എംഎല്‍എയും ആറ്റിങ്ങലില്‍ ഒ.എസ്. അംബിക എം.എല്‍.എ.യും മറ്റ് ജനപ്രതിനിധികളും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.