ശബരിമലയിലെ വെടിവഴിപാട് താത്കാലികമായി നിര്‍ത്തി. നടപന്തലിന് സമീപത്തെ വഴിപാടും ഇന്നലെ രാത്രിയോടെ അവസാനിപ്പിച്ചു. സുരക്ഷ ഉറപ്പാക്കിയ ശേഷം മതി വെടിവഴിപാടെന്ന് കളക്ടര്‍ നിലപാടെടുത്തതിനാലാണ് വഴിപാട് നിര്‍ത്തിയത്. മാളികപ്പുറത്തെ വെടിവഴിപാട് അപകടത്തിന് പിന്നാലെ നിര്‍ത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശബരിമലയിലും വെടിവഴിപാട് നിര്‍ത്തിയത്.
ശബരിമല മാളികപ്പുറത്തുണ്ടായത് തീപിടുത്തമെന്ന് പത്തനംതിട്ട കളക്ടറുടെ റിപ്പോര്‍ട്ട് സ്ഥിരീകരിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനം കൃത്യമായി നടന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി. വെടിമരുന്ന സൂക്ഷിക്കുന്നത് മതിയായ സുരക്ഷയില്ലാതെയാണെന്നും കളക്ടറുടെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് പത്തനംതിട്ട കളക്ടര്‍ ഹൈക്കോടതിയില്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റിരുന്നു. ചെങ്ങന്നൂര്‍ ചെറിയനാട് തോന്നയ്ക്കാട് ആറ്റുവാശ്ശേരി വടശ്ശേരില്‍ എ ആര്‍ ജയകുമാര്‍, ചെങ്ങന്നൂര്‍ കാരയ്ക്കാട് പാലക്കുന്ന് മോടിയില്‍ അമല്‍, പാലക്കുന്ന് മോടിയില്‍ രജീഷ്എന്നിവര്‍ക്കാണ് പരുക്കേറ്റത്. മൂവരെയും സന്നിധാനം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മാളികപ്പുറത്തിനടുത്തെ ഇന്‍സുലേറ്ററിന് സമീപമാണ് അപകടം ഉണ്ടായത്.വെടിപ്പുരയില്‍ സൂക്ഷിച്ചിരുന്ന 396 കതിനകളും ആറ് കിലോ വെടിമരുന്നും പൊലീസ് പിടിച്ചെടുക്കുകയും ചെയ്തു.