Kerala

പ്രകടമാകുന്നത് ഭരണത്തിനെതിരായ വികാരം; പ്രതിപക്ഷ നേതാവ് ആവേശത്തില്‍

ഉപതെരഞ്ഞെടുപ്പ് ഫലം പ്രതിപക്ഷ നേതാവിന്റെ പ്രകടനത്തിന്റെ വിലയിരുത്തലാകുമെന്ന അപൂര്‍വ പ്രഖ്യാപനങ്ങള്‍ തൃക്കാക്കരയില്‍ നിന്ന് ഉയര്‍ന്ന് കേട്ടിരുന്നു. സുരക്ഷിത ഭൂരിപക്ഷം ഉമ തോമസ് നിലനിര്‍ത്തുമ്പോള്‍ യുഡിഎഫ് ക്യാമ്പില്‍ ആവേശം അലതല്ലുകയാണ്. പി ടിയേക്കാള്‍ ഭൂരിപക്ഷം ഉമ തോമസ് നേടുമെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രവചനം ഇപ്പോള്‍ യാഥാര്‍ഥ്യമാകുകയാണ്.

ഭരണത്തിനെതിരായ വികാരമാണ് തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രകടമായതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. മറ്റ് വിലയിരുത്തലുകളൊക്കെ പിന്നീടാകാം. പി ടിയേക്കാള്‍ വോട്ടുകള്‍ ഉമ തോമസ് നേടുമെന്ന് പറഞ്ഞിരുന്നു. മറ്റ് അവകാശവാദങ്ങളൊന്നും ഇല്ല. പ്രതീക്ഷിച്ചത് പോലെ എല്ലാം സംഭവിക്കുന്നുണ്ടെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

വോട്ടെണ്ണല്‍ മൂന്നാം റൗണ്ടിലെത്തുമ്പോള്‍ യുഡിഎഫിന്റെ ഉമാ തോമസ് കരുത്ത് തെളിയിച്ചിരിക്കുകയാണ്. പി.ടി തോമസിന് ലഭിച്ചതിനേക്കാള്‍ ഇരട്ടി ലീഡാണ് ഉമാ തോമസിന് ലഭിച്ചിരിക്കുന്നത്. നിലവില്‍ ഇരുപതിനായിരത്തോളം വോട്ടുകളാണ് ഉമാ തോമസിന് ലഭിച്ചിരിക്കുന്നത്.

നിലവില്‍ ഇരുപതിനായിരത്തോളം വോട്ടുകളാണ് ഉമാ തോമസിന് ലഭിച്ചിരിക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന്റെ വോട്ടുകള്‍ പതിനാലായിരത്തിലേക്ക് അടുക്കുകയാണ്. എന്‍ഡിഎയുടെ വോട്ട് ആയിരം കടന്നു.

തൃക്കാക്കരയില്‍ ജയം ഉറപ്പിക്കേണ്ടത് മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും അഭിമാന പ്രശ്‌നമാണ്. പൊന്നാപുരം കോട്ടയെന്ന് വിശേഷിപ്പിക്കുന്ന മണ്ഡലം നഷ്ടപ്പെട്ടാല്‍ പ്രതിപക്ഷ നേതാവിന്റെയും കെ.പി.സി.സി പ്രസിഡന്റിന്റെ നേതൃത്വം ചോദ്യം ചെയ്യപ്പെടും. നൂറ് തികയ്ക്കാന്‍ കിട്ടുന്ന ഒരു സീറ്റ് മുഖ്യമന്ത്രിയുടെ കിരീടത്തിലെ പൊന്‍തൂവലായ് മാറുകയും ചെയ്യും.