Kerala

വി ഡി സതീശന്‍- രാഹുല്‍ഗാന്ധി കൂടിക്കാഴ്ച ഇന്ന്; ഗ്രൂപ്പ് നേതാക്കളുടെ അതൃപ്തി ചര്‍ച്ചയാകും

പ്രതിപക്ഷ നേതാവായി ചുമതലയേറ്റതിന് ശേഷം വി ഡി സതീശന്‍ ഇന്ന് ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് 12 മണിയോടെ രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ വച്ചാണ് കൂടിക്കാഴ്ച.

പ്രതിപക്ഷ നേതാവിനെയും കെപിസിസി അധ്യക്ഷനെയും തെരഞ്ഞെടുത്തതില്‍ ഗ്രൂപ്പ് നേതാക്കള്‍ക്കുള്ള അതൃപ്തി പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ചര്‍ച്ച. നേതൃത്വത്തില്‍ അഴിച്ചുപണി പൂര്‍ത്തിയായതോടെ സംസ്ഥാന കോണ്‍ഗ്രസില്‍ ഏകോപനം ലക്ഷ്യമിട്ടാണ് ഹൈക്കമാന്‍ഡിന്റെ നീക്കങ്ങള്‍.

നാളെ തിരുവനന്തപുരത്ത് രാഷ്ട്രീയ കാര്യ സമിതി ചേരുന്നതിനു മുന്നോടിയായി രാഹുല്‍ ഗാന്ധിയെ കാണാനുള്ള തീരുമാനം ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ളതാണ്. ഗ്രൂപ്പ് വിഷയമാകും പ്രധാനമായും ചര്‍ച്ചയ്ക്ക് വരിക. രാഹുലിനെ കാണാന്‍ ഡല്‍ഹിയില്‍ എത്തിയ വിഡി സതീശന്‍ മുതിര്‍ന്ന നേതാവ് എ കെ ആന്റണി, കെ സി വേണുഗോപാല്‍, താരിഖ് അന്‍വര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി ഇന്ന് രാത്രിയോടെ മടങ്ങും. അടുത്ത ദിവസങ്ങളില്‍ ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നീ നേതാക്കളും ഡല്‍ഹിയിലെത്തും. കഴിഞ്ഞ ആഴ്ച രമേശ് ചെന്നിത്തലയുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തിയിരുന്നു.