കോണ്‍ഗ്രസില്‍ പാര്‍ട്ടി താത്പര്യങ്ങള്‍ക്കപ്പുറം ഗ്രൂപ്പ് താത്പര്യങ്ങള്‍ പാടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം,കൃത്യമായ ധാരണയോടുകൂടി കോണ്‍ഗ്രസ് പുനസംഘടന പൂര്‍ത്തിയാക്കുമെന്ന് അറിയിച്ചു. യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തിലും മറ്റൊരു തീരുമാനം പാര്‍ട്ടിയില്‍ നിന്നുണ്ടായിട്ടില്ലെന്നും പ്രതിപക്ഷനേതാവ് അറിയിച്ചു.
വി ഡി സതീശന്റെ പ്രതികരണം;
സംഘടനാപരമായ മാറ്റങ്ങളില്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളുമായി ചേര്‍ന്ന് പ്രാഥമികമായി ചര്‍ച്ച നടത്തി മാറ്റങ്ങള്‍ വേണമെങ്കില്‍ തീരുമാനിക്കും. ഇതിന്റെ കരട് നാളെ തിരുവനന്തപുരത്ത് ചേരുന്ന രാഷ്ട്രീയ കാര്യ സമിതിയില്‍ സമര്‍പ്പിക്കും. നാളത്തെ ചര്‍ച്ചയില്‍ എങ്ങനെയാണ് കേരളത്തിലെ കോണ്‍ഗ്രസിന്റെ സംഘടനാപരമായ കാര്യങ്ങള്‍ ചെയ്യേണ്ടതെന്ന് തീരുമാനിച്ച ശേഷം ഹൈക്കമാന്‍ഡിനെ അറിയിക്കും’.
കോണ്‍ഗ്രസിന്റെ സംഘടനാപരമായ ദൗര്‍ബല്യങ്ങള്‍ പരിഹരിച്ച് ഏറ്റവും നല്ല പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് പറഞ്ഞ വി ഡി സതീശന്‍ നേതാക്കള്‍ സഹകരിക്കുന്നുണ്ടെന്നും വ്യക്തമാക്കി. സംഘടനാപരമായ കാര്യങ്ങളില്‍ നേതാക്കളുമായി കൂടിയാലോചനകള്‍ നടത്തിയതിന് ശേഷമേ അന്തിമ തീരുമാനമുണ്ടാകുകയുള്ളൂ എന്നും അറിയിച്ചു.
‘പാര്‍ട്ടിയെക്കാളോ പാര്‍ട്ടി താത്പര്യങ്ങളെക്കാളോ ഗ്രൂപ്പ് താത്പര്യങ്ങളുണ്ടാകാന്‍ പാടില്ല. ഗ്രൂപ്പുകളൊന്നും ഇല്ലാതാക്കാന്‍ കഴിയില്ല. എന്നാല്‍ ഗ്രൂപ്പ് താത്പര്യങ്ങള്‍ മൂലം അര്‍ഹതയുള്ള ആളുകള്‍ പുറംതള്ളപ്പെടാന്‍ പാടില്ലെന്നും വിഡി സതീശന്‍ പറഞ്ഞു. ഗ്രൂപ്പ് പ്രവര്‍ത്തനമൊക്കെ കോണ്‍ഗ്രസിന്റെ എല്ലാക്കാലത്തും എല്ലാ സംസ്ഥാനങ്ങളിലും ഉണ്ടായിട്ടുണ്ട്. ഇനിയത് ഉണ്ടാകില്ലെന്ന് പറയുന്നതില്‍ യുക്തിയില്ല. പക്ഷേ ഗ്രൂപ്പ് പാര്‍ട്ടിയെ വിഴുങ്ങാതിരിക്കാന്‍ ശ്രദ്ധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.