Kerala

തീവ്രവാദത്തിന്റെ കുഴലൂത്തുകാരാകരുത്; ഫാസിസത്തിന്റെ വിഷം കുത്തിനിറയ്ക്കലല്ല ചരിത്ര ഗവേഷകരുടെ പണി; വിഡി സതീശന്‍

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് പുറത്തിറക്കിയ പോസ്റ്ററില്‍ ജവഹര്‍ലാല്‍ നെഹ്റുവിന്റെ ചിത്രം ഒഴിവാക്കിയതില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ആസാദി കാ അമൃത് മഹോത്സവ് ആഘോഷത്തിന്റെ ഭാഗമായി പുറത്തിറക്കിയ പോസ്റ്ററില്‍ നിന്നാണ് നെഹ്റുവിനെ ഒഴിവാക്കിയത്.vd satheeshan

മഹാത്മാഗാന്ധി, സുഭാഷ് ചന്ദ്രബോസ്, ഭഗത് സിങ്, ബിആര്‍ അംബേദ്കര്‍, ഡോ. രാജേന്ദ്രപ്രസാദ്, സര്‍ദാര്‍ വല്ലഭ്ഭായി പട്ടേല്‍, മദന്‍ മോഹന്‍ മാളവ്യ എന്നിവരുടെ കൂടാതെ സവര്‍ക്കറുടെ ചിത്രവും പോസ്റ്ററിലുണ്ട്. എന്നാല്‍ ജവഹര്‍ലാല്‍ നെഹ്രുവിന്റെ ചിത്രം ഒഴിവാക്കിയിരിക്കിയിരുന്നു. ഇതിനെതിരെയാണ് പ്രതിപക്ഷ നേതാവിന്റെ രൂക്ഷ വിമര്‍ശനം.

നെഹ്രുവിന്റെ ചിത്രം ഒഴിവാക്കിയത് ഫാസിസ്റ്റ് ഗൂഢാലോചനയുടെ ഏറ്റവും ഒടുവിലെ ശ്രമമാണന്നും ഐ.സി.എച്ച്.ആറിന് ഓര്‍മകള്‍ ഉണ്ടാകണമെന്നും വി.ഡി സതീശന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. നികുതിദായകന്റെ പണം കൊണ്ട് നടത്തുന്ന സ്ഥാപനം തീവ്രവാദത്തിന്റെ കുഴലൂത്തുകാരാകരുതെന്നും വിഡി സതീശന്‍ വിമര്‍ശിക്കുന്നു.

പ്രതിപക്ഷ നേതാവിന്റെ വാക്കുകള്‍;

‘ഈ അര്‍ധരാത്രിയില്‍ , ലോകം ഉറങ്ങുമ്പോള്‍ ഇന്ത്യ സ്വാതന്ത്ര്യത്തിലേക്കും പുതു ജീവിതത്തിലേക്കും കണ്‍ തുറക്കുകയാണ്. ‘
Long years ago we made a tryst with destiny എന്നു തുടങ്ങുന്ന അതിമഹത്തായ ഈ പ്രസംഗത്തിന്റെ ഓരോ വാക്കും നെഞ്ചിലേറ്റാത്ത ഒരിന്ത്യന്‍ പൗരനും ഉണ്ടാകില്ല. ഒരു ജനതയുടെ മുഴുവന്‍ സ്വപ്നങ്ങള്‍ക്ക് , സ്വാതന്ത്ര്യത്തിനായുള്ള നീണ്ട പോരാട്ടത്തിന് , മനുഷ്യന്റെയും രാഷ്ട്രത്തിന്റെയും അന്തസിന് , ലോക മെമ്പാടുമുള്ള സ്വാതന്ത്ര്യ പോരാട്ടങ്ങള്‍ക്കു ശബ്ദം നല്‍കുകയായിരുന്നു അനശ്വരമായ ആ പ്രസംഗത്തിലൂടെ പിണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു.

നീണ്ട വര്‍ഷങ്ങള്‍ ജയിലില്‍, അല്ലാത്തപ്പോഴെല്ലാം ഗാന്ധിജിക്കൊപ്പം സമരഭൂമിയില്‍ , ഇതിനിടെ വായന എഴുത്ത് പ്രസംഗങ്ങള്‍ യാത്രകള്‍ . എന്തൊരു ജീവിതമായിരുന്നു അത്. അവനവനെ രാജ്യത്തിനു സമര്‍പ്പിച്ച ത്യാഗ നിര്‍ഭരമായ ജീവതം. ഇന്ത്യയെ ഇത്ര കണ്ടു സ്‌നേഹിച്ച ഇന്ത്യ ഇത്രകണ്ടു സ്‌നേഹിച്ച മറ്റൊരാളില്ല ജവഹര്‍ലാലിനെ പോലെ. നെഹ്രു ജി , ജവഹര്‍ ലാല്‍ , പണ്ഡിറ്റ് ജി , പ്രധാനമന്ത്രി , ചാച്ചാജി ഇങ്ങനെ എത്ര പേരുകളില്‍ രാജ്യം ഈ മനുഷ്യനെ നെഞ്ചേറ്റി , ആദരിച്ചു , സ്‌നേഹിച്ചു. പിന്നെയും പിന്നെയും ഹൃദയത്തിലിടം നല്‍കി ചേര്‍ത്തുവെച്ചു.കണ്ണീരോടെ പ്രണമിച്ചു.

സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുന്ന ആസാദി കാ അമ്യത് എന്ന പരിപാടിയുടെ ആദ്യ പോസ്റ്ററില്‍ നിന്ന് പണ്ഡിറ്റ്ജിയുടെ ചിത്രം ഒഴിവാക്കപ്പെട്ടിരിക്കുന്നു. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് എന്ന ഭാരത സര്‍ക്കാര്‍ സ്ഥാപനമാണ് ഈ തമസ്‌ക്കരണം നടത്തിയിരിക്കുന്നത്. ആദ്യ പ്രധാനമന്ത്രിയെ മാത്രമല്ല ഈ സാംസ്‌ക്കാരിക സ്ഥാപനം അപമാനിച്ചിരിക്കുന്നത് , ആധുനിക ഇന്ത്യയുടെ ശില്പിയും ലോകക്രമത്തെ സ്വാധീനിച്ച നേതാവും മഹാനായ ചിന്തകനും ധിഷണാശാലിയായ എഴുത്തുകാരനുമായിരുന്ന ഒരു മനുഷ്യന്റെ ഓര്‍മ്മയില്ലാതാക്കാനുള്ള ഫാസിസ്റ്റ് ഗൂഢാലോചനയുടെ ഏറ്റവും ഒടുവിലെ ശ്രമമാണിത്.
ഐ.സി.എച്ച്.ആറിന് ഓര്‍മകള്‍ ഉണ്ടാകണം . ഉണ്ടായെ മതിയാകൂ. നികുതി ദായകന്റെ പണം കൊണ്ട് നടത്തുന്ന സ്ഥാപനം പൂണെയിലെ തീവ്രവാദത്തിന്റെ കുഴലൂത്തുകാരാകരുത്.ചരിത്രത്തെയും സംസ്‌ക്കാരത്തെയും ഒരു രാജ്യത്തിന്റെ ജീവിതത്തെയും കുറിച്ച് ഫാസിസ്റ്റ് ഭരണത്തിന് കീഴില്‍ അക്കാദമിക്ക് സാംസ്‌ക്കാരിക പഠന ഗവേഷണ സ്ഥാപനങ്ങളില്‍ നിന്ന് മാന്യതയും എന്തിന് സാമാന്യ ബുദ്ധി പോലും പ്രതീക്ഷിക്കേണ്ടതില്ല. സംഘികള്‍ക്ക് ആത്മാവ് പണയം വെക്കാത്തവരാരെങ്കിലും അവിടെയുണ്ടെങ്കില്‍ പണ്ഡിറ്റ്ജിയുടെ ഈ വാക്കുകള്‍ ഓര്‍ത്താല്‍ നന്ന്.

”Culture is the widening of the mind and of the spirit. ‘
അല്ലാതെ തമസ്‌ക്കരണത്തിന്റെ ഇരുട്ടും അറിവില്ലായ്മയുടെ കയ്പും ഫാസിസത്തിന്റെ വിഷവും കുത്തി നിറക്കലല്ല ചരിത്ര ഗവേഷകരുടെ പണി. ചരിത്രത്തെ വളച്ചൊടിക്കല്‍
തെറ്റായ പ്രചരണം മഹദ് വ്യക്തികളോടുള്ള അനാദരവ് ഭീഷണി ബഹുസ്വരതയോടുള്ള ഭയം ജനാധിപത്യത്തോടുള്ള വിമുഖത കറളഞ്ഞ വര്‍ഗീയത ഇതെല്ലാം ചേരുംപടി ചേര്‍ത്ത ഇന്നത്തെ ഫാസിസ്റ്റ് ഭരണത്തില്‍ നിന്ന് ഇത്തരം നിഷേധാത്മകമായ ചെയ്തികളല്ലാതെ മറ്റെന്തു വരാന്‍?

കുറുവടിയേന്തിയവര്‍ വിചാരിച്ചാലൊന്നും ഇന്ത്യയെ കണ്ടെത്തിയ ഈ മനുഷ്യന്റെ മതേതര വാദിയുടെ സോഷ്യലിസ്റ്റിന്റെ കറകളഞ്ഞ കോണ്‍ഗ്രസുകാരന്റെ നിറസാന്നിധ്യവും ഓര്‍മകളും രാജ്യത്തിന്റെ ഹൃദയത്തില്‍ നിന്ന് തച്ചുടക്കാനാവില്ല. അതി മനോഹരമായ ആ ചെമ്പനീര്‍ പൂവിന്റെ സൗരഭ്യം കെടുത്താന്‍ ഒരു ഇരുണ്ട ശക്തിക്കും കഴിയുകയുമില്ല. കാരണം ജെ.എന്‍ എന്ന ആ കൈയ്യൊപ്പ് ഞങ്ങളുടെ ഹൃദയങ്ങളിലാണ് പതിഞ്ഞിട്ടുള്ളത്. ആ മനുഷ്യന്‍ ഒരു സ്വപ്നമാണ് .അദ്ദേഹത്തിന്റെ വാക്കുകള്‍ സംഗീതമാണ്. ആ ചിന്തകള്‍ ഹിമാലയത്തോളം ഔന്ന്യത്യമുള്ളതുമാണ്. ഇന്ത്യയുള്ളിടത്തോളം ഭാരതാംബയുടെ ആ പ്രിയപുത്രന്റെ പേരും നിലനില്‍ക്കും.