കെപിസിസി ആസ്ഥാനം തത്പര കക്ഷികളുടെ കോക്കസ് കേന്ദ്രമായി മാറുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി .ഡി സതീശന്‍. കെപിസിസി നേതൃയോഗത്തിലണ് സതീശന്റെ വിമര്‍ശനം. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ തന്റെ പേര് പരിഗണിക്കാത്തതില്‍ ദീപ്തി മേരി വര്‍ഗീസ് നേതൃത്വത്തെ അതൃപ്തി അറിയിച്ചു. മാനദണ്ഡം പാലിക്കാതെ ഭാരവാഹികളെ നിയമിച്ചാല്‍ അംഗീകരിക്കില്ലെന്നും നേതൃയോഗത്തില്‍ നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
കോഴിക്കോട് ചേരാനിരിക്കുന്ന ചിന്തന്‍ ശിബിറിന് മുന്നോടിയായാണ് കെപിസിസി നേതൃയോഗം ഇന്നലെ തിരുവനന്തപുരത്ത് ചേര്‍ന്നത്. പല വിഷയങ്ങളിലും രൂക്ഷ വിമര്‍ശനം നേതൃയോഗത്തില്‍ ഉയര്‍ന്നു. കെപിസിസി ആസ്ഥാനമായ ഇന്ദിര ഭവന്‍ കോക്കസ് ആയി മാറുന്നു എന്നതായിരുന്നു പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം. ഇതിന് തടയിട്ടില്ലെങ്കില്‍ കെപിസിസി അധ്യക്ഷനുള്‍പ്പെടെ ക്ഷീണമാകുമെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.
കെപിസിസി അധ്യക്ഷനായി കെ സുധാകരന്‍ വന്നപ്പോഴുള്ള ഉണര്‍വ് ഇപ്പോള്‍ പാര്‍ട്ടിയില്‍ ഇല്ലെന്ന് മറ്റു ചില നേതാക്കള്‍ ചൂണ്ടിക്കാട്ടി. സംഘടനാപരമായി താഴേത്തട്ടില്‍ നിര്‍ജീവമെന്നും വിമര്‍ശനമുയര്‍ന്നു. മണ്ഡലത്തിലെ പ്രവര്‍ത്തകയായിട്ടും തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ തന്റെ പേര് പരിഗണിക്കാത്തതില്‍ ദീപ്തി മേരി വര്‍ഗീസ് നേതൃത്വത്തെ അതൃപ്തി അറിയിച്ചു. ഭാരവാഹി പ്രഖ്യാപനം അനന്തമായി നീളുന്നതിലായിരുന്നു മറ്റു ചിലരുടെ പരിഭവം.
മാനദണ്ഡം ലംഘിച്ച് ഭാരവാഹി പട്ടികയിലേക്ക് ആളുകളെ പരിഗണിക്കുന്നതിലും രൂക്ഷ വിമര്‍ശനമാണുയര്‍ന്നത്. സംഘടനാ രംഗത്ത് സജീവമായവരെയും പ്രാദേശിക തലത്തില്‍ സ്വീകാര്യതയുള്ളവരെയും നേതൃപദമകളിലേക്ക് പരിഗണിക്കണമെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടി. മാനദണ്ഡങ്ങള്‍ പാലിക്കാതെ, നേതാക്കള്‍ക്ക് പാദസേവ ചെയ്യുന്നവരെ ഭാരവാഹികളാക്കിയാല്‍ അംഗീകരിക്കില്ലെന്ന മുന്നറിയിപ്പും ചിലര്‍ നേതാക്കള്‍ക്ക് നല്‍കി. കോഴിക്കോട് നടക്കുന്ന ചിന്തന്‍ ശിബിറിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് 5 സമിതികള്‍ക്കും നേതൃയോഗം രൂപം നല്‍കി.