Kerala

ആരുപറഞ്ഞാലും കേള്‍ക്കാത്ത നിലയിലാണ് പൊലീസ്; ഡി ലിറ്റ് വിവാദത്തില്‍ ഗവര്‍ണർക്കെതിരെ വിമർശനവുമായി വി ഡി സതീശൻ

ഡി ലിറ്റ് വിവാദത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കൂടാതെ മദ്യവുമായി പോയ വിദേശ പൗരനെ പൊലീസ് തടഞ്ഞ സംഭവത്തിൽ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. ആരുപറഞ്ഞാലും കേള്‍ക്കാത്ത നിലയിലാണ് പൊലീസെന്നും പൊലീസിന് മേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടെന്നും സതീശന്‍ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിക്ക് കോര്‍പ്പറേറ്റ് ആഭിമുഖ്യം തലയ്ക്ക് പിടിച്ചു. ഇത് ഇടതുപക്ഷ സര്‍ക്കാരല്ലെന്നും വലതുപക്ഷ ആഭിമുഖ്യമാണ് സര്‍ക്കാരിനെന്നും സതീശന്‍ പറഞ്ഞു.

ഡി ലിറ്റിന് നിര്‍ദ്ദേശിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല. രാഷ്ട്രപതിക്ക് ഡി ലിറ്റിന് ഗവര്‍ണര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടെങ്കില്‍ തെറ്റാണ്. സര്‍വകലാശാല പ്രശ്നത്തില്‍ നിന്നും ഒളിച്ചോടാനുള്ള തന്ത്രമാണിതെന്നും സതീശന്‍ കുറ്റപ്പെടുത്തി.

രാഷ്ട്രപതിക്ക് ഡിലിറ്റ് നൽകാൻ കേരള വിസിക്കുള്ള ചാന്‍സലറുടെ ശുപാർശ സർക്കാർ ഇടപെട്ട് അട്ടിമറിച്ചുവെന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം. എന്നാല്‍ ഡി ലിറ്റ് വിവാദത്തില്‍ ഗവര്‍ണറെ കടന്നാക്രമിക്കുന്ന നിലപാടാണ് പ്രതിപക്ഷനേതാവ് സ്വീകരിച്ചിരിക്കുന്നത്.