Kerala

‘സിപിഐഎം പ്രീണനരാഷ്ട്രീയം കളിക്കുന്നു’; പോപ്പുലര്‍ ഫ്രണ്ട് പരിശീലന വിവാദത്തില്‍ വി ഡി സതീശന്‍

ആലുവയില്‍ പോപ്പുലര്‍ ഫ്രണ്ടിന് ഫയര്‍ഫോഴ്‌സ് പരിശീലനം നല്‍കിയ സംഭവത്തില്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സിപിഐഎം പ്രീണന രാഷ്ട്രീയം കളിക്കുന്നതിനാലാണ് ഇത്തരം സംഭവങ്ങളുണ്ടാകുന്നതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഭൂരിപക്ഷ തീവ്രവാദികളേയും ന്യൂനപക്ഷ തീവ്രവാദികളേയും സിപിഐഎം താലോലിക്കുന്നുവെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. കേരളാ പൊലീസില്‍ ആര്‍എസ്എസുകാരുണ്ടെന്ന വിവരങ്ങള്‍ പുറത്തുവരുന്നു. സോഷ്യല്‍ എഞ്ചിനീയറിംഗ് എന്ന പേരില്‍ സിപിഐഎം നടത്തുന്നത് മതപ്രീണനമാണെന്നും വി ഡി സതീശന്‍ ആഞ്ഞടിച്ചു.

പോപ്പുലര്‍ ഫ്രണ്ടിന്റെ റെസ്‌ക്യൂ ആന്‍ഡ് റിലീഫ് എന്ന സംഘടനയുടെ സംസ്ഥാനതല ഉദ്ഘാടന വേദിയില്‍ വച്ചായിരുന്നു ഫയര്‍ഫോഴ്‌സ് പരിശീലനം. പരിശീലനം നല്‍കിയത് ഗുരുതര വീഴ്ചയാണെന്നാണ് ഫയര്‍ഫോഴ്‌സ് മേധാവിയുടെ കണ്ടെത്തല്‍. ജില്ലാ ഫയര്‍ ഓഫിസര്‍ക്കെതിരെയും ബി സന്ധ്യ നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്.

ഐഎന്‍ടിയുസിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിച്ചെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് വ്യക്തമാക്കി. വിഷയത്തില്‍ ഇനി പ്രതികരിക്കാനില്ലെന്നാണ് പ്രതിപക്ഷനേതാവ് ഇന്ന് പറഞ്ഞത്. പ്രസ്താവനയ്‌ക്കെതിരെ ഐഎന്‍ടിയുസി നേതാക്കള്‍ കെപിസിസിയെ സമീപിക്കാനിരിക്കെയാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.

മുസ്ലീം ലീഗിന്റെ കീഴിലാണ് കോണ്‍ഗ്രസ് നിലനില്‍ക്കുന്നതെന്ന ഇ പി ജയരാജന്റെ ആരോപണത്തോടും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. ഇപി ജയരാജന്‍ ഒരു പണ്ഡിതനാണെന്നും വിവരമില്ലാത്ത പ്രതിപക്ഷം അദ്ദേഹത്തിന് മറുപടി പറയാന്‍ ആളല്ലെന്നുമുള്ള പരിഹാസമുയര്‍ത്തിയാണ് വി ഡി സതീശന്‍ പ്രതികരിച്ചത്.