സ്വര്‍ണക്കടത്ത് കേസ് അന്വേഷണം മന്ദഗതിയിലാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേന്ദ്രവും സംസ്ഥാനവുമുളള ഒത്തുകളി സംശയം ശക്തമാവുകയാണ്. കുഴല്‍പ്പണ കേസന്വേഷണവും ലാഘവത്തിലാണെന്നും അദ്ദേഹം ആരോപിച്ചു.
മരം മുറി കേസില്‍ പ്രധാന രേഖകള്‍ പുറത്തു വന്നതിനു പിന്നാലെ വിവരാവകാശ രേഖ നല്‍കിയ അണ്ടര്‍ സെക്രട്ടറി നിര്‍ബന്ധിത അവധിയെടുത്തിരിക്കുകയാണ്. എല്‍ ഡി എഫ് സര്‍ക്കാരിന്‍റേത് സ്റ്റാലിന്‍ ഭരണമാണോയെന്ന് ചോദിച്ച പ്രതിപക്ഷ നേതാവ് സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ പ്രതികാര നടപടി സ്വീകരിക്കുകയാണെന്നും കുറ്റപ്പെടുത്തി.
നിയമസഭ കയ്യാങ്കളി കേസില്‍ സി പി എമ്മിന്‍റേത് ദുര്‍ബല വാദമാണ്. ഉമ്മന്‍ ചാണ്ടി ബഡ്‌ജറ്റ് അവതരിപ്പിച്ചാല്‍ എതിര്‍ക്കില്ലെന്ന് സി പി എം വ്യക്തമാക്കിയിരുന്നു. അത് തെളിയിക്കുന്ന സഭാ രേഖയുണ്ട്. കെ എം മാണിയെ ബഡ്‌ജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു നിലപാട്. സി പി എം മറന്നാലും ജോസ് കെ മാണി അത് മറക്കരുതെന്നും വി ഡി സതീശന്‍ പറഞ്ഞു.
മുവാറ്റുപുഴ പോക്സോ കേസിലെ മാത്യു കുഴല്‍ നാടന്‍റെ ഇടപെടല്‍ സംബന്ധിച്ച് ആക്ഷേപം ഉന്നയിക്കുന്ന ഡി വൈ എഫ് ഐക്കാര്‍ ആദ്യം വണ്ടി പെരിയാറിലും പിന്നീട് വടകരയിലും പോകണമെന്ന് സതീശന്‍ ആക്ഷേപിച്ചു.