Kerala

ഗവേഷക വിദ്യാര്‍ത്ഥിനിയുടെ സമരം; നവോത്ഥാന മൂല്യങ്ങള്‍ പറയുന്ന കേരളത്തിന് അപമാനം; വി ഡി സതീശൻ

എംജി സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിനിയുടെ സമരം നവോത്ഥാന മൂല്യങ്ങള്‍ പറയുന്ന കേരളത്തിന് അപമാനമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ജാതിയുടെ പേരില്‍ നിഷേധിക്കപ്പെട്ട അവകാശങ്ങൾ നേടിയെടുക്കാനാണ് വിദ്യാര്‍ത്ഥിനിയുടെ സമരം. ഇത് നവോത്ഥാന മൂല്യങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്ന ഒരു ഭരണകൂടം നിലനില്‍ക്കെയാണെന്നത് അപമാനമാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ജാതിയുടെ പേരില്‍ നിഷേധിക്കപ്പെട്ട നീതിയും അവകാശങ്ങളും നേടിയെടുക്കാന്‍ എം.ജി സര്‍വകലാശാലയ്ക്ക് മുന്നില്‍ ദീപ പി മോഹന്‍ എന്ന ഗവേഷക വിദ്യാര്‍ഥിനിക്ക് നിരാഹാര സമരം ഇരിക്കേണ്ടി വരുന്നത്, ഇടയ്ക്കിടെ നവോത്ഥാന മൂല്യങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്ന ഒരു ഭരണകൂടം നിലനില്‍ക്കെയാണെന്നത് കേരളത്തിന് അപമാനമാണ്. ദീപയ്ക്ക് നീതി ലഭ്യമാക്കാനുള്ള ബാധ്യത സര്‍ക്കാരിനും സര്‍വകലാശാലയ്ക്കുമുണ്ട്. നാനോ സയന്‍സസില്‍ ഗവേഷക വിദ്യാര്‍ഥിയായ ദീപയ്ക്ക് കോടതി ഉത്തരവുണ്ടായിട്ടും ജാതിയുടെ പേരില്‍ ഗവേഷണത്തിന് സൗകര്യം ഒരുക്കുന്നില്ലെന്നാണ് പരാതി. ആരോപണ വിധേയനായ അധ്യാപകനെ ഹൈക്കോടതി വിളിച്ചു വരുത്തി ശാസിക്കുന്ന അവസ്ഥ പോലുമുണ്ടായി. എന്നിട്ടും സര്‍വകലാശാല നടപടിയെടുത്തില്ല. ദീപയ്ക്ക് ഗവേഷണം പൂര്‍ത്തിയാക്കാനുള്ള സാഹചര്യം അടിയന്തിരമായി ഒരുക്കണം. അവര്‍ ഉന്നയിച്ചിരിക്കുന്ന പരാതികള്‍ പരിശോധിച്ച് നീതിയുക്തമായ പരിഹാരമുണ്ടാക്കാന്‍ സര്‍ക്കാര്‍ തയാറാകണം.