ചിന്തൻ ശിബിരത്തിലെ വിട്ടുനിൽക്കലിനു ശേഷം മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനൊപ്പം ഒരു വേദിയിൽ. കോഴിക്കോട് ഡിസിസിയിൽ കോൺഗ്രസ് പ്രസിഡൻ്റുമാരെ കുറിച്ചുള്ള പുസ്തക പ്രകാശന ചടങ്ങിലാണ് രണ്ട് പേരും ഒന്നിച്ചെത്തിയത്. പരിപാടിയിൽ വച്ച് വി.ഡി. സതീശനും മുല്ലപ്പള്ളിയും തമ്മിൽ ആദ്യം പരിചയം പുതുക്കുകയോ സംസാരിക്കുകയോ ചെയ്തില്ല. മാധ്യമപ്രവർത്തകരോടും മറ്റും സതീശൻ സംസാരിച്ചു. എന്നാൽ വേദിയിൽ ഒരുമിച്ചിരിക്കെ ഇരുവരും തമ്മിൽ സംസാരിച്ചു.
ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാൻ കഴിയാത്തതിൽ ദുഖമുണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചിരുന്നു. അത് മാധ്യമങ്ങളോട് പറയാൻ താത്പര്യമില്ല. പാർട്ടി പ്രവർത്തകരിൽ തെറ്റിദ്ധാരണ ഉണ്ടായി. അത് മാറ്റാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നു എന്നും മുല്ലപ്പള്ളി പറഞ്ഞു. ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറാക്കാനുള്ള തീരുമാനത്തെ വിമർശിച്ച അദ്ദേഹം കെകെ രമയ്ക്ക് ഭീഷണിക്കത്ത് ലഭിച്ചതിനെ അപലപിച്ചു.
“ചിന്തൻ ശിബിരത്തെക്കുറിച്ച് എനിക്ക് നന്നായി അറിയാം. അതിൻ്റെ പ്രാധാന്യം, ചിന്തൻ ശിബിരത്തിലെടുക്കുന്ന തീരുമാനങ്ങളുടെ ഗൗരവം എനിക്ക് നന്നായി അറിയാം. ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാനാവാതെ പോയല്ലോ എന്ന ദുഖം എന്നെ അലട്ടുന്നുണ്ട്. പാർട്ടി പ്രവർത്തകരിൽ തെറ്റിദ്ധാരണ ഉണ്ടായി. അത് മാറ്റാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നു. പങ്കെടുക്കാത്തതിന്റെ കാരണം സോണിയ ഗാന്ധിയെ ധരിപ്പിക്കും. കോഴിക്കോട് ഡിസിസി പ്രസിഡൻറ് മാത്രമാണ് ക്ഷണിച്ചത്. പങ്കെടുക്കാൻ കഴിയാത്തതിൽ മനോവ്യഥയുണ്ട്. പ്രചരിക്കുന്നത് തെറ്റായ കാര്യങ്ങളാണ്. എനിക്കത് അങ്ങേയറ്റം മനോവ്യധയുണ്ടാക്കി. പങ്കെടുക്കാൻ കഴിയാത്തതിന്റെ കാരണങ്ങൾ മാധ്യമങ്ങളോട് പറയാൻ ഉദ്ദേശിക്കുന്നില്ല. ഞാൻ അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനാണ്. എൻ്റെ സത്യസന്ധത സോണിയ ഗാന്ധിക്ക് അറിയാം. രാഷ്ട്രീയം സോണിയ ഗാന്ധിക്ക് അറിയാം. എൻ്റെ വീട്ടിൽ നടന്ന പരിപാടിയാണ്. വിട്ട് നിൽക്കേണ്ടി വന്നതിൽ ദുഃഖമുണ്ട്.”- മുല്ലപ്പള്ളി വ്യക്തമാക്കി.