Kerala

ഇ.പി ജയരാജൻ അതിജീവിതയെ അപമാനിച്ചു: കേസ് വഴിതിരിച്ചു വിടാനുള്ള ശ്രമമുണ്ടായെന്നും വി.ഡി സതീശൻ

നടി ആക്രമിക്കപ്പെട്ട കേസില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ അതിജീവിതയെ അപമാനിച്ചു. കേസ് വഴിതിരിച്ചു വിടാനുള്ള ശ്രമമുണ്ടായെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

സംസ്ഥാന സർക്കാരിനും വിചാരണക്കോടതി ജഡ്ജിക്കുമെതിരെ ആരോപണമുന്നയിച്ച് ആക്രമിക്കപ്പെട്ട നടി നൽകിയ ഹർജിക്ക് പിന്നിൽ ബാഹ്യ ഇടപെടലുകൾ എന്ന ഇ.പിയുടെ സംശയത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് കാലത്ത് ഹർജി നൽകരുത് എന്നില്ലല്ലോയെന്നും കടകംപള്ളിക്ക് മറുപടിയില്ലെന്നും അദ്ദേഹം പറഞ്ഞു.

നടിയെ ആക്രമിച്ച കേസിലെ പ്രതി ആരുടെ ആളാണെന്ന് അന്വേഷിക്കട്ടെയെന്ന് പറഞ്ഞ അദ്ദേഹം ഇ.പിക്ക് എന്തിനാണ് ഇത്ര വേവലാതിയെന്ന് ചോദിച്ചു. തെളിവിന്റെ അടിസ്ഥാനത്തിലാകാം നടി ഹർജി നൽകിയതെന്നും ഇത്തരം കേസുകളിൽ ഇ.പി വൃത്തികെട്ട ഇടപെടലുകൾ നടത്തരുതെന്നേ പറയാനുള്ളൂവെന്നും വി.ഡി സതീശൻ പറഞ്ഞു.

അതേസമയം വര്‍ഗീയ ശക്തികളുടെ മുന്നില്‍ എത്തുമ്പോള്‍ മുഖ്യമന്ത്രി ദുര്‍ബലനാകുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. അവരെ കാണുമ്പോള്‍ മുട്ടു വിറയ്ക്കുന്ന ഒരാളെയാണോ ക്യാപ്റ്റന്‍ എന്ന് വിളിക്കുന്നത്. ഈ ക്യാപ്റ്റനെയും കണ്ടാണോ നിങ്ങള്‍ സിപിഐഎമ്മുകാര്‍ യുദ്ധം ജയിക്കാന്‍ പോകുന്നതെന്നും വി ഡി സതീശന്‍ പരിഹസിച്ചു. ആലപ്പുഴയിലെ പോപ്പുലര്‍ പ്രണ്ട് റാലിയിലെ കുട്ടിയുടെ വിദ്വേഷ പ്രസംഗത്തിലായിരുന്നു വി ഡി സതീശന്റെ പ്രതികരണം.