Kerala

ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതകളെ സി.പി.ഐ.എം കൂട്ടുപിടിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ്

ബി.ജെ.പിയുമായി സി.പി.ഐ.എം കൂട്ടുകൂടുന്നതിന്റെ തെളിവാണ് കോട്ടയം നഗരസഭയിലേതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതകളെ സി.പി.ഐ.എം ഒരു പോലെ കൂട്ടുപിടിക്കുന്നു. ഈ ബന്ധത്തിലൂടെയാണ് എൽ.ഡി.എഫ് തുടർ ഭരണം ഉറപ്പാക്കിയതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സി.പി.ഐ.എം നിലപാടില്ലാതെ പാർട്ടിയായി മാറിയെന്നും വിമർശനം. യു.ഡി.എഫിനെയും കോൺഗ്രസിനെയും എതിർക്കാൻ സി.പി.ഐ.എം ഏത് ചെകുത്താന്റെയും കൂട്ട് പിടിക്കുമെന്നും വി.ഡി. സതീശൻ ആരോപിച്ചു. സി.പി.ഐ.എമ്മിന്റെ വലത് ഭാഗത്ത് സംഘപരിവാറും ഇടത് ഭാഗത്ത് എസ്.ഡി.പി.ഐയുമാണെന്ന് വി.ഡി. സതീശൻ.

അതേസമയം, കോട്ടയം ന​ഗരസഭയിൽ യുഡിഎഫിന് ഭരണം നഷ്ടമായേക്കും. എൽഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുമെന്ന് ബിജെപി അറിയിച്ചു. അം​ഗങ്ങൾക്ക് വിപ്പ് നൽകി. അവിശ്വാസ പ്രമേയത്തിൽ നിന്ന് വിട്ട് നിൽക്കാൻ കോൺ​ഗ്രസ് അം​ഗങ്ങൾക്ക് ഡിസിസി നിർദേശം നൽകി.

27 അം​ഗങ്ങളുടെ പിന്തുണയാണ് അവിശ്വാസ പ്രമേയം പാസാകാൻ വേണ്ടത്. കൗൺസിലിൽ എൽഡിഎഫിനും യുഡിഎഫിനും 22 അം​ഗങ്ങൾ വീതമുണ്ട്. ബിജെപിക്ക് എട്ട് അം​ഗങ്ങളാണ് ഉള്ളത്.

എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ പിന്തുണയ്ക്കാൻ തീരുമാനിച്ചതായി ബിജെപി ജില്ലാ പ്രസിഡന്റ് നോബിൾ മാത്യു. ബിജെപി കൗൺസിലർമാരുടെ വാർഡുകളെ ഭരണസമിതി അവഗണിച്ചിരുന്നു. അതു കൊണ്ടാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തുന്നതെന്നും നോബിൾ മാത്യു അറിയിച്ചു. സിപിഐഎമ്മുമായി ഒരു കൂട്ടുകെട്ടിനും ഇല്ലെന്നും എന്നാൽ അവിശ്വാസ പ്രമേയത്തെ പിന്തുണക്കുമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് അറിയിച്ചു. ഭരണസമിതിയെ താഴെ ഇറക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യമെന്നും അദ്ദേഹം വ്യക്തമാക്കി.