രാജ്യത്തെ വാക്സിന്‍ ക്ഷാമം തള്ളി കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും കൈവശം 1.67 കോടി ഡോസ് വാക്സിനുള്ളതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അവകാശപ്പെട്ടു. സംസ്ഥാന- കേന്ദ്രഭരണപ്രദേശങ്ങളുടെ ആസൂത്രണത്തിലാണ് പോരായ്മയുള്ളതെന്നും മന്ത്രാലയം കുറ്റപ്പെടുത്തി.
വിവിധ സംസ്ഥാനങ്ങള്‍ക്ക് ഇതുവരെ 13 കോടിയിലധികം വാക്സിന്‍ ഡോസുകള്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ 11.50കോടിയോളം ഡോസുകളാണ് സംസ്ഥാനങ്ങള്‍ വിതരണം ചെയ്തത്. അവശേഷിക്കുന്ന 1.67 കോടി ഡോസ് വാക്സിന്‍ ഇപ്പോഴും സംസ്ഥാനങ്ങളുടെ കൈവശമുണ്ടെന്ന് കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍ മാധ്യമങ്ങളോട് പറഞ്ഞു.
വാക്സിനേഷന്‍ പ്രക്രിയ ആസൂത്രണം ചെയ്തതിലുള്ള പോരായ്മയാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്, അല്ലാതെ വാക്സിന്‍ ക്ഷാമമല്ല. സമയാസമയം വാക്സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ടെന്നും ആരോഗ്യസെക്രട്ടറി കൂട്ടിച്ചേര്‍ത്തു.
ഇന്നുമുതല്‍ ഏപ്രില്‍ അവസാനം വരെ രണ്ടുകോടിയിലധികം വാക്സിന്‍ ഡോസുകള്‍ കൂടി സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും വിതരണം ചെയ്യുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം, കേരളത്തില്‍ വാക്സിന്‍ ഡോസ് പാഴാക്കുന്നില്ല. എട്ടു മുതല്‍ ഒമ്പത് ശതമാനം ഡോസുകളും പാഴാക്കുന്ന സംസ്ഥാനങ്ങളുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.