കോന്നിയിലെയും വട്ടിയൂര്‍ക്കാവിലെയും തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം തേടിയുള്ള ചര്‍ച്ചകള്‍ക്ക് കോണ്‍ഗ്രസില്‍ തുടക്കം. തന്ത്രം മെനയുന്നതിലും പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിലുമുള്ള നേതൃത്വത്തിന്റെ പരാജയം പാര്‍ട്ടിയില്‍ ചര്‍ച്ചയാകും. കോന്നി, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥി തര്‍ക്കങ്ങളില്‍ കക്ഷികളായ നേതാക്കള്‍ക്കെതിരെയും വിമര്‍ശം ഉയരും. ഗ്രൂപ്പ് നീക്കങ്ങള്‍ക്കും പുതിയ സാഹചര്യം കാരണമായേക്കും.
ലോക്സഭാ തെരഞ്ഞെടുപ്പിലെ വലിയ തിരിച്ചടിക്ക് ശേഷം സി.പി.എം ഏറെ കരുതലോടെയാണ് നീങ്ങിയത്. കേരള കോണ്‍ഗ്രസിലെ തര്‍ക്കം മുതലെടുത്ത് പാലായില്‍ വിജയമൊരുക്കി. കോന്നിയിലെയും വട്ടിയൂര്‍ക്കാവിലെയും അസ്വസ്ഥതകളെ എല്‍.ഡി.എഫ് നോട്ടമിട്ടു. യു.ഡി.എഫിന് അനുകൂലമായേക്കാമായിരുന്ന എന്‍.എസ്.എസ് പിന്തുണക്ക് പോലും മറുതന്ത്രം സി.പി.എം ഒരുക്കി. കൊച്ചി നഗരസഭയിലെ ഭരണ വീഴചകള്‍ കൊച്ചിയില്‍ ചര്‍ച്ചയാക്കി. ഇങ്ങനെ സി.പി.എം തന്ത്രം മെനഞ്ഞ് മുന്നോട്ട് പോയപ്പോള്‍ മറുതന്ത്രങ്ങളൊരുക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ലെന്നാണ് പൊതുവിലയിരുത്തല്‍. പി.എസ്.സി ക്രമക്കേട്, മാര്‍ക്ക്ദാനം, സാമ്പത്തിക പ്രതിസന്ധി തുടങ്ങി നിരവധി പ്രശ്നങ്ങള്‍ സര്‍ക്കാരിനെതിരെ ഉണ്ടായിട്ടും അത് തെരഞ്ഞെടുപ്പ് ചര്‍ച്ചയാക്കുന്നതിന് കഴിഞ്ഞില്ല. ശബരിമല മുന്‍നിര്‍ത്തിയുള്ള വിശ്വാസ പ്രശ്നവും ആരോപണങ്ങളും മാത്രമാണ് യു.ഡി.എഫ് ചര്‍ച്ചയാക്കിയത്. അത് വേണ്ടത്ര വിജയിച്ചില്ലെന്ന ഉപതെരഞ്ഞെടുപ്പ് ഫലം തെളിയിച്ചു.
പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ പിന്തുണച്ച ന്യൂനപക്ഷങ്ങളുടെ അടക്കം പിന്തുണ ഉറപ്പ് വരുത്തുന്നതിനും പ്രത്യേക ശ്രമങ്ങളുണ്ടായില്ല. പഞ്ചായത്ത് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന കോണ്‍ഗ്രസിനകത്ത് തന്ത്ര രൂപീകരണത്തിലെ വീഴ്ചകള്‍ ചര്‍ച്ചയാകുമെന്നുറപ്പാണ്. പാര്‍ട്ടി പാര്‍ലമെന്ററി പാര്‍ട്ടി നേതൃത്വത്തിനെതിരായ വിമര്‍ശമായി ഇത്തരം ചര്‍ച്ചകള്‍ രൂപം മാറാനും സാധ്യതയുണ്ട്. ഗ്രൂപ്പ് വിഭാഗീയത ഇത്തരം നീക്കങ്ങള്‍ക്ക് അടിസ്ഥാനായി പ്രവര്‍ത്തിക്കാനും സാധ്യതയുണ്ട്. കോന്നിയിലെ തോല്‍വിയില്‍ അടൂര്‍ പ്രകാശിനെതിരെയും വട്ടിയൂര്‍ക്കാവില്‍ കെ. മുരളീധരനെതിരെയും വിമര്‍ശമുയരാന്‍ സാധ്യതയുണ്ട്. 27 ന് നടക്കുന്ന രാഷ്ട്രീയ കാര്യസമിതി ഉള്‍പ്പാര്‍ട്ടി വിമര്‍ശത്തിന് വേദിയാകും.