India Kerala

വട്ടിയൂര്‍ക്കാവ് ജംഗ്ഷന്റെ വികസനം നടപ്പാക്കുന്നതിന് ത്വരിത നടപടികള്‍ സ്വീകരിച്ചുവെന്ന് സുധാകരന്‍

വട്ടിയൂര്‍ക്കാവ് ജംഗ്ഷന്റെ വികസനം നടപ്പാക്കുന്നതിന് ത്വരിത നടപടികള്‍ സ്വീകരിച്ചുവെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍.വികസനത്തിന് വേണ്ടി തയ്യാറാക്കിയ വിശദ പദ്ധതി രേഖ കിഫ്ബിയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണെന്നും മന്ത്രി അറിയിച്ചു. പ്രദേശവാസികളുടെ പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ ഇടപെടല്‍.

വട്ടിയൂര്‍ക്കാവ് ജംഗ്ഷന്റെ വികസന മുരടിപ്പില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ കഴിഞ്ഞ ദിവസം നിരാഹാര സമരം അടക്കം നടത്തിക്കൊണ്ട് പ്രക്ഷോഭം ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പൊതുമരാമത്ത് മന്ത്രി വിഷയത്തില്‍ ഇടപെട്ടത്. വട്ടിയൂര്‍ക്കാവ് ജംഗ്ഷന്‍ വികസനപദ്ധതി വേഗത്തില്‍ നടപ്പാക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.11 കിലോമീറ്റര്‍ വരുന്ന റോഡിന്റെ വികസനത്തിന് 219.74 കോടി രൂപയുടെ ഡി.പി.ആര്‍ ആണ് തയ്യാറാക്കിയത്. ഇതില്‍ ഭൂമി ഏറ്റെടുക്കുന്നതിന് 116 കോടി രൂപ വേണം.ബാക്കി 103.74 കോടി രൂപ റോഡ് നിര്‍മ്മാണത്തിനാണ്. ഡി.പി.ആര്‍ കിഫ്ബി അംഗീകരിക്കുന്ന മുറക്ക് പദ്ധതി നടപ്പാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി അറിയിച്ചു. പദ്ധതിക്ക് ആവശ്യമായ എല്ലാ സാമ്പത്തിക സഹായാവും കിഫ്ബി തന്നെ നല്‍കുമെന്നും മന്ത്രി അറിയിച്ചു. റോഡിന്റെ വാണിജ്യ സ്ഥാപനങ്ങളെ പുനരധിവസിപ്പിക്കുന്നതിനുള്ള ഭൂമി ഏറ്റെടുക്കുന്നതിനും ട്രിഡയെ ചുമതലപ്പെടുത്തിയതായി കിഫ്ബി ഡോക്ടര്‍ കെ.എം എബ്രഹാം അറിയിച്ചിട്ടുണ്ട്.പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് റവന്യൂ,തദ്ദേശ മന്ത്രിമാരുടെ സംയുക്തയോഗം വിളിക്കുമെന്നും സുധാകരന്‍ അറിയിച്ചു