India Kerala

പ്രചാരണത്തിനായി നേതാക്കള്‍ വട്ടിയൂര്‍ക്കാവില്‍

ഉപതെരഞ്ഞെടുപ്പിന് 11 ദിവസം മാത്രം ശേഷിക്കേ വട്ടിയൂര്‍ക്കാവില്‍ മൂന്ന് മുന്നണികളും പ്രചാരണം ഉഷാറാക്കി. എല്‍.ഡി.എഫിന്‍റെ വാഹന പ്രചാരണത്തിന് ഇന്ന് തുടക്കമാകും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മണ്ഡലത്തിലെത്തിയതോടെ യു.ഡി.എഫ് ക്യാമ്പും ആവേശത്തിലാണ്

പരസ്യ പ്രചാരണത്തിന് ഇനി ഒമ്പത് നാള്‍ കൂടിയാണ് ബാക്കിയുള്ളത്. അതുകൊണ്ട് തന്നെ പരമാവധി വോട്ടര്‍മാരിലെത്താനാണ് മുന്നണികളുടെയും സ്ഥാനാര്‍ത്ഥികളുടെയും ശ്രമം. വികസനവും രാഷ്ട്രീയവുമാണ് വട്ടിയൂര്‍ക്കാവില്‍ മൂന്ന് മുന്നണികളും ചര്‍ച്ച ചെയ്യുന്നത്. ഒപ്പം ശബരിമല വിഷയവും യു.ഡി.എഫും ബി.ജെ.പിയും ഉന്നയിക്കുന്നുണ്ട്.

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.കെ പ്രശാന്തിന്‍റെ പൊതു പര്യടനം ഇന്ന് ഉച്ചക്ക് എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്യും. ഉച്ചവരെ സ്ഥാനാര്‍ത്ഥി ഗൃഹസന്ദര്‍ശനം നടത്തും.

യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ മോഹന്‍കുമാറിനായി ഉമ്മന്‍ചാണ്ടി കൂടി മണ്ഡലത്തില്‍ സജീവമായി. ആര്യാടന്‍ ഷൌക്കത്തിന്‍റെ നേതൃത്വത്തില്‍ ഇന്ന് കലാജാഥ മണ്ഡലത്തില്‍ പര്യടനം നടത്തും. മുന്‍ കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍ കുടുംബയോഗങ്ങളില്‍ പങ്കെടുക്കും. ഗൃഹസന്ദര്‍ശനങ്ങളും കുടുംബ യോഗങ്ങളുമായാണ് ബിജെപിയുടെ പ്രചാരണം മുന്നോട്ടുപോകുന്നത്.