കോൺഗ്രസ് സ്ഥാനാർഥി ചർച്ചകളിൽ കോന്നിക്ക് പിന്നാലെ വട്ടിയൂർക്കാവിലും തർക്കം. എൻ പീതാംബരക്കുറുപ്പിനെ അംഗീകരിക്കാനാവില്ലെന്ന് കാണിച്ച് കെ.പി.സി.സി ഓഫീസിന് മുന്നിൽ പ്രാദേശിക നേതാക്കള്‍ പ്രതിഷേധിച്ചു. സ്ഥാനാർഥികളെ നിർണയിക്കാനുള്ള കെ.പി.സി.സി തെരഞ്ഞെടുപ്പ് സമിതി തിരുവനന്തപുരത്ത് തുടരുകയാണ്.
കോന്നിയിൽ അടൂർ പ്രകാശ് നിർദ്ദേശിച്ച റോബിൻ പീറ്ററിനെതിരെ ഡി.സി.സി പ്രസിഡന്‍റ് ഉൾപ്പെടെ എതിർപ്പ് ഉയർത്തിയതായിരുന്നു ഇന്നലത്തെ തർക്കമെങ്കിൽ ഇന്ന് വട്ടിയൂർക്കാവായി തർക്കം. സംസ്ഥാന നേതൃത്വം മുൻഗണന നൽകുന്ന പീതാംബരക്കുറുപ്പിനെതിരെ കെ.പി.സി.സി അംഗവും ബ്ലോക്ക് കമ്മിറ്റി അംഗം ഉൾപ്പെടെ പ്രതിഷേധവുമായി കെ.പി.സി.സി ആസ്ഥാനത്ത് എത്തി നേതാക്കളെ എതിർപ്പ് അറിയിച്ചു.
എറണാകുളത്തിന്‍റെ കാര്യത്തിൽ സംസ്ഥാന നേതൃത്വത്തിന് അഭിപ്രായ വ്യത്യാസമില്ലെങ്കിലും കെ.വി തോമസ് ഡൽഹി കേന്ദ്രീകരിച്ച് നടത്തിയ നീക്കങ്ങൾ സ്ഥാനാർഥി പ്രഖ്യാപനത്തെ വൈകിപ്പിച്ചേക്കും. അരൂരിൽ ജില്ലാപഞ്ചായത്തംഗം രാജീവന്‍, യൂത്ത് കോൺഗ്രസ് നേതാവ് രാജേഷ് എന്നിവർക്കൊപ്പം യുവനേതാവ് ഇ.കെ സാബുവിന്‍റെ പേരും പരിഗണനയിലുണ്ട്
തെരഞ്ഞെടുപ്പ് സമിതിയിൽ സമവായം ആകാതെ വന്നാൽ മുതിർന്ന നേതാക്കൾക്ക് തുടർ ചർച്ചകൾക്ക് ചുമതല നൽകും. വിവിധ തലങ്ങളിൽ ചർച്ചക്ക് ശേഷം ഹൈകമാൻഡ് അനുമതിയോടെ സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാകാനാണ് സാധ്യത.