തിരുവനന്തപുരം: ഒഴിച്ചിട്ടിരിക്കുന്ന ആറു മണ്ഡലങ്ങളിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ. കൂടുതൽ വനിതാ പ്രാതിനിധ്യം വേണമെന്ന ഹൈക്കമാൻഡ് നിലപാട് അനുസരിച്ച് ഒരു വനിതയ്ക്ക് കൂടി പട്ടികയിൽ ഇടംകിട്ടിയേക്കും. വട്ടിയൂർക്കാവ് മണ്ഡലത്തിലേക്കാണ് വനിതാ സ്ഥാനാര്‍ത്ഥിയെ പരിഗണിക്കുന്നത്.
അഖിലേന്ത്യാ മഹിളാ കോൺഗ്രസിന്റെ സംസ്ഥാന സെക്രട്ടറി വീണ നായർ, രാഹുൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷ ചെയ്ത് കൈയടി നേടിയ ജ്യോതി വിജയകുമാർ എന്നിവരെയാണ് മണ്ഡലത്തിൽ പരിഗണിക്കുന്നത്.
നേരത്തെ, കെപി അനിൽകുമാറിനെ മണ്ഡലത്തിലേക്ക് പരിഗണിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച് കോൺഗ്രസിൽ നിന്ന് കൂട്ടരാജിയുമുണ്ടായിരുന്നു. സ്ഥാനാർത്ഥി മണ്ഡലത്തിൽ നിന്നു തന്നെ വേണം എന്നാണ് രാജിവച്ച പ്രവർത്തകരുടെ ആവശ്യം.
കെപിസിസി ജനറൽ സെക്രട്ടറിയും ഉദുമ മുൻ എംഎൽഎയുമായ കെപി കുഞ്ഞിക്കണ്ണന്റെ മരുമകളാണ് വീണ നായര്‍. വിവിധ ടെലിവിഷൻ പരിപാടികളിൽ അവതാരകയായിരുന്നു.
രാഹുൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയാണ് ജ്യോതി വിജയകുമാർ ശ്രദ്ധ നേടിയത്. ആശയവ്യക്തതയോടെയുള്ള ചടുലമായ അവരുടെ പരിഭാഷ പലവുരു കൈയടി നേടിയിരുന്നു. ചെങ്ങന്നൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന വിജയകുമാറിന്റെ മകളാണ്. തിരുവനന്തപുരത്ത് സിവിൽ സർവീസ് അക്കാദമിയിലെ അധ്യാപികയാണ്. തിരുവനന്തപുരം മാർ ഇവാനിയോസ് കോലജിലെ ആദ്യ വനിതാ ചെയർപേഴ്‌സണായിരുന്നു.