പെൺകുട്ടികൾക്ക് നീതി തേടി തിരുവനന്തപുരം സെക്രട്ടറിയേറ്റിന്‍റെ മുമ്പിൽ മാതാപിതാക്കൾ ഉപവാസം നടത്തി. ഉപവാസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു
വാളയാര്‍ പീഡനക്കേസില്‍ ശരിയായ അന്വേഷണം നടത്തി പ്രതികളെ പിടികൂടാമെന്ന ഉറപ്പ് മുഖ്യമന്ത്രി പാലിച്ചില്ലെന്ന് പെൺകുട്ടികളുടെ അമ്മ മീഡിയവണിനോട്. പെൺകുട്ടികൾക്ക് നീതി തേടി തിരുവനന്തപുരം സെക്രട്ടറിയേറ്റിൻ്റെ മുമ്പിൽ മാതാപിതാക്കൾ ഉപവാസം നടത്തി. ഉപവാസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.
കേസന്വേഷണം അട്ടിമറിച്ച ഉദ്യോഗസ്ഥർക്ക് നേരെ നടപടി വേണമെന്നും ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ പുനരന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് വാളയാർ പെൺകുട്ടികളുടെ മാതാപിതാക്കളുടെ സമരം. മുഴുവൻ പ്രതികളും രക്ഷപ്പെടാൻ കാരണം പോലീസാണ്. കുറ്റക്കാരനായ പോലീസുകാരന് സർക്കാർ സ്ഥാനം കയറ്റം നൽകുകയാണ് ചെയ്തതെന്നും പെൺകുട്ടികളുടെ അമ്മ പറഞ്ഞു.
മുഖ്യമന്ത്രി കുടുംബത്തിന് നൽകിയ വാഗ്‍ദാനങ്ങൾ നടപ്പായില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. കുട്ടികൾക്ക് നീതി ലഭിയ്ക്കും വരെ സമരവുമായി മുന്നോട്ട് പോകുമെന്നും കുടുംബം വ്യക്തമാക്കി.