India Kerala

വാളയാര്‍ കേസില്‍ സി.ബി.ഐ അന്വേഷണത്തിന് സര്‍ക്കാര്‍ എതിരല്ലെന്ന് മുഖ്യമന്ത്രി

വാളയാർ കേസിൽ സി.ബി.ഐ അന്വേഷണത്തിന് സർക്കാർ എതിരല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുട്ടികളുടെ രക്ഷിതാക്കൾ കോടതിയെ സമീപിച്ചാൽ സർക്കാർ അനുകൂല നിലപാട് സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വാളയാറിൽ നടക്കുന്നത് സീരിയൽ കില്ലിങ്ങാണെന്ന് പ്രതിപക്ഷം ആരോപിച്ചു. വിഷയം അടിയന്തിര പ്രമേയമായി കൊണ്ട് വരാൻ പ്രതിപക്ഷം ശ്രമിച്ചെങ്കിലും സ്പീക്കർ അനുമതി നൽകിയില്ല.

വാളയാർ സംഭവം അടിയന്തര പ്രമേയമായി അവതരിപ്പിക്കാൻ അനുമതി നിഷേധിച്ചതിനെ തുടർന്നാണ് ശൂന്യവേളയിൽ പ്രതിപക്ഷം വിഷയം ഉന്നയിച്ചത്. കേസിലെ പ്രതിയുടെ സുഹൃത്തായ പ്രവീണിനെ പൊലീസ് ചോദ്യം ചെയ്യാൻ വിളിച്ചതിന് പിന്നാലെ അയാൾ ആത്മഹത്യ ചെയ്തുവെന്ന് വി.ടി ബൽറാം ആരോപിച്ചു.

കേസ് അന്വേഷണത്തിനിടക്ക് നിരവധി പ്രദേശവാസികളെ ചോദ്യം ചെയ്തതതിനടയിൽ പ്രവീണിനെ ചോദ്യം ചെയ്തുവെന്നും, താനും പ്രതിയാക്കപ്പെടുമോ എന്ന ആശങ്കയിലാണ് പ്രവീൺ ആത്മഹത്യ ചെയ്തതെന്നും മുഖ്യമന്ത്രി മറുപടി നൽകി.

വാളയാർ കേസിന്റെ പേരിരല്ല രാജേഷിനെ സി.ഡബ്ല്യു.സി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റിയതെന്ന് എം.കെ മുനീർ ആരോപിച്ചു. ആദ്യം തന്നെ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കേണ്ട കേസാണ് ഇതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. നേരത്തെ അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം പിന്നിട് സഭയിൽ നിന്നിറങ്ങിപ്പോയി.