വാളയാര്‍ കേസില്‍ നിലവിലെ നിയമം അനുസരിച്ച് പുതിയ തെളിവുകളില്ലെങ്കിലും തുടരന്വേഷണത്തിന് ഉത്തരവിടാന്‍ കോടതിക്ക് കഴിയുമെന്ന് നിയമവിദഗ്ധര്‍. സര്‍ക്കാരിനോ കേസുമായി ബന്ധപ്പെട്ട വ്യക്തികള്‍ക്കോ തുടരന്വേഷണം ആവിശ്യപ്പെട്ട് കോടതിയെ സമീപിക്കാം. ഹൈക്കോടതിയേയോ സുപ്രീംകോടതിയേയോയാണ് സമീപിക്കേണ്ടത്. വാളയാര്‍ കേസില്‍ അടുത്ത തിങ്കളാഴ്ചക്ക് ശേഷമായിരിക്കും തുടരന്വേഷണവും അപ്പീലും ആവിശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുക. വാളയാര്‍ പീഢനക്കേസില്‍ തുടരന്വേഷണത്തിനുള്ള മുറവിളി ഉയര്‍ന്നതോടെ കോടതിയെ സമീപിക്കാന്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
വിധി വന്ന കേസില്‍ പുതിയ തെളിവുകള്‍ ഇല്ലെങ്കില്‍ തുടരന്വേഷണത്തിന് കോടതി അനുമതി നല്‍കുമോയെന്ന കാര്യത്തില്‍ അപ്പോഴും സംശയങ്ങള്‍ ഉയര്‍ന്നു. ഒരേ കേസില്‍ ഒന്നിലധികം തവണ പ്രതി വിചാരണ നേരിടേണ്ടി വരരുതെന്നാണ് ഭരണഘടന പറയുന്നതെങ്കിലും ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ബെസ്റ്റ് ബേക്കറി കേസില്‍ തുടരന്വേഷണവും പുനര്‍വിചാരണയും നടന്നിട്ടുണ്ട്.
രാജസ്ഥാനിലും വിധി വന്ന ഒരു കേസില്‍ വെറുതെ വിട്ട പ്രതികളെ തുടരന്വേഷണം നടത്തി ശിക്ഷിച്ച കാര്യവും നിയമവിദഗ്ധര്‍ ചൂണ്ടികാണിക്കുന്നു. വാളയാര്‍ കേസില്‍ പ്രതികളെ വെറുതെ വിട്ട പാലക്കാട് പോക്സോ കോടതിയുടെ വിധിപ്പകര്‍പ്പ് തിങ്കളാഴ്ച പുറത്ത് വരാനാണ് സാധ്യത. അതിന്റെ തൊട്ടടുത്ത ദിവസം തന്നെ വിധിക്കെതിരെയുള്ള അപ്പീലും തുടരന്വേഷണം ആവിശ്യപ്പെട്ടു കൊണ്ടുള്ള ഹര്‍ജി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.