കോഴിക്കോട്: ( 21.10.2019) കൂടത്തായി കൊലപാതകങ്ങളിലെ മുഖ്യപ്രതി ജോളിക്ക് കോടതി സൗജന്യ നിയമ സഹായം നല്‍കി. താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ജോളിയെ ഹാജരാക്കി. വക്കീലിനെ വെച്ചിട്ടുണ്ടോയെന്ന് കോടതി ജോളിയോട് ചോദിച്ചപ്പോള്‍ അറിയില്ലെന്നാണ് മറുപടി നല്‍കിയത്. ഇതോടെ കോടതി സൗജന്യ നിയമ സഹായം നല്‍കുകയായിരുന്നു.
താമരശ്ശേരി ബാറിലെ അഭിഭാഷകന്‍ കെ ഹൈദര്‍ ജോളിക്ക് വേണ്ടി ഹാജരാകും. സിലി വധക്കേസില്‍ മാത്രമാണ് ഹൈദറെ നിയമിച്ചത്. സിലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി പത്തുദിവസത്തെ കസ്റ്റഡി ആയിരുന്നു പൊലീസ് ആവശ്യപ്പെട്ടത്. കോടതി ആറ് ദിവസത്തേക്ക് ജോളിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. മറ്റൊരു കേസില്‍ 10 ദിവസം പോലീസ് കസ്റ്റഡി കഴിഞ്ഞതിനാല്‍ വീണ്ടും കസ്റ്റഡിയില്‍ വിടരുതെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. അതേസമയം മാനസിക സമ്മര്‍ദ്ദത്തിന് ചികിത്സ വേണമെന്ന് ജോളി കോടതിയില്‍ ആവശ്യപ്പെട്ടു.