ഇന്ന് ലോക പ്രശസ്ത വൈക്കത്തഷ്ടമി. കൊവിഡ് കണക്കിലെടുത്ത് പരിമിതമായ ഭക്തർക്ക് മാത്രമേ ഇന്ന് ക്ഷേത്രത്തിലേക്ക് പ്രവേശനമുള്ളൂ. എന്നാൽ മറ്റു ചടങ്ങുകൾ പതിവ് പോലെ നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. ( vaikom ashtami today )
കഴിഞ്ഞ 10 ദിവസമായി ക്ഷേത്രത്തിലേക്ക് നിരവധി ഭക്തരാണ് എത്തിയത്. വൈക്കം മഹാദേവ ക്ഷേത്രത്തിന് പരിസരത്ത് ഇപ്പോൾ തന്നെ പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ചരിത്ര പ്രസിദ്ധമായ വൈക്കം ക്ഷേത്രത്തിൽ വൃശ്ചികമാസത്തിലെ കൃഷ്ണപക്ഷത്തിൽ ആരംഭിക്കുന്ന പ്രധാന ഉത്സവമാണ് വൈക്കത്തഷ്ടമി. ഉത്സവത്തിന്റെ സമാപനം അഷ്ടമി ദിനത്തിലായതിനാലാണ് ആ പേര് വന്നത്. ഈ ദിവസം രാത്രി വൈക്കം ശ്രീ മഹാദേവനെ പുറത്തേക്ക് എഴുന്നള്ളിക്കും. സമീപക്ഷേത്രങ്ങളിലെ എഴുന്നള്ളത്തുകളും ഈ ഘോഷയാത്രയിൽ പങ്കുചേർന്ന് കൂടിയെഴുന്നള്ളുകയും ചെയ്യുന്നു. 12 ദിവസം നീണ്ടു നിൽക്കുന്ന ഉത്സവമാണിത്.
അഷ്ടമി ഉത്സവത്തിന് വൈക്കത്തപ്പന്റെ ആറാട്ട് ഉദയനാപുരം സുബ്രമണ്യ ക്ഷേത്രത്തിൽവച്ചാണ് നടത്തുന്നത്. ഉത്സവത്തോടനുബന്ധിച്ചുള്ള കൂടിയെഴുന്നള്ളത്ത്, അഷ്ടമി എഴുന്നള്ളത്ത്, പഞ്ചവാദ്യം എന്നിവ പ്രസിദ്ധമാണ്. അഷ്ടമി ദിവസം ഉദയനാപുരം, വൈക്കം എന്നിവിടങ്ങളിലെ ദേവന്മാരുടെ എഴുന്നള്ളത്ത് അനേകം ഭക്തന്മാരെ ആകർഷിക്കുന്നു.