Kerala

വടക്കഞ്ചേരി വാഹനാപകടം; കൂട്ടിയിടിച്ച ടൂറിസ്റ്റ് ബസും കെഎസ്ആർടിസിയും അപകട സ്ഥലത്തുനിന്ന് മാറ്റി

വടക്കഞ്ചേരി വാഹനാപകടത്തിൽ കൂട്ടിയിടിച്ച ടൂറിസ്റ്റ് ബസ്സും കെഎസ്ആർടിസിയും അപകട സ്ഥലത്തുനിന്ന് മാറ്റി. വടക്കഞ്ചേരി പൊലീസ് സ്റ്റേഷനിലേക്കാണ് ബസുകൾ മാറ്റിയത്. കേസിൽ പ്രതികളുടെ വിശദമായ ചോദ്യം ചെയ്യൽ തുടരുകയാണ്. നാളെ വരെയാണ് പ്രതികളുടെ കസ്റ്റഡി കാലാവധി.

പാലക്കാട് വടക്കഞ്ചേരിയിൽ 9 പേരുടെ മരണത്തിനിടയാക്കിയ ലൂമിനസ് ടൂറിസ്റ്റ് ബസ് ഉടമ എസ്.അരുണിനെയും ഡ്രൈവർ ജോമോനെയും നാട്ടകത്തെ സ്വകാര്യ ബസ് സർവീസ് സെന്ററിൽ എത്തിച്ചു തെളിവെടുത്തിരുന്നു. ആലത്തൂർ ഡി വൈ എസ് പി ആർ അശോകൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നേരിട്ടെത്തിയായിരുന്നു തെളിവെടുപ്പ്.

ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നിനാണ് ഇരുവരെയും തെളിവെടുപ്പിനായി എത്തിച്ചത്. വിവരങ്ങൾ ശേഖരിച്ചതിനു ശേഷം പൊലീസ് ഇരുവരെയും കൊണ്ടു പാലക്കാട്ടേക്കു മടങ്ങി. ഇതിനിടെ കെ എസ് ആർ ടി ബസ് ജീവനക്കാരേയും യാത്രക്കാരേയും പൊലീസ് ചോദ്യം ചെയ്തു. അപകടസമയത്ത് ഡ്രൈവർ ജോമോൻ മദ്യമോ മറ്റ് ലഹരി വസ്തുക്കളോ ഉപയോഗിച്ചിരുന്നോ എന്നറിയുന്നതിനുള്ള രക്ത പരിശോധനാഫലം ഇനിയും വന്നിട്ടില്ല.