Kerala

സമസ്ത വിവാദം; പരാതി ഉണ്ടെങ്കിൽ അന്വേഷിക്കും, നടപടി സ്വീകരിക്കും: വിദ്യാഭ്യാസമന്ത്രി

മലപ്പുറത്ത് സമസ്ത നേതാവ് വേദിയിൽ വച്ച് പെൺകുട്ടിയെ അപമാനിച്ച സംഭവത്തിൽ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സംഭവത്തിൽ പരാതി ലഭിച്ചാൽ അന്വേഷിച്ച് നടപടി സ്വീകരിക്കും. വിദ്യാർത്ഥികളെല്ലാം എന്റെ കുട്ടികളാണ്. സമസ്ത നേതാവിനെതിരെ കേസെടുക്കണമെന്ന് ഗവർണർ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ അത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. വിവാദവുമായി ബന്ധപ്പെട്ട് എന്തെങ്കിലും തരത്തിൽ പരാതി ലഭിച്ചാൽ നടപടി സ്വീകരിക്കാനാണ് കേരള ഗവണ്മന്റ് തീരുമാനിച്ചിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

വിഷയത്തില്‍ മന്ത്രി പ്രതികരിക്കാത്തത് വ്യാപക വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. പ്രതിപക്ഷനേതാവ് വി ഡി സതീശൻ വിമർശിച്ചതിന് പിന്നാലെ കേന്ദ്രമന്ത്രി വി മുരളീധരൻ പരിഹാസവുമായി രംഗത്തെത്തി. മന്ത്രി അപ്പൂപ്പൻ എന്നാണ് വിദ്യാഭ്യാസ മന്ത്രി സ്വയം വിശേഷിപ്പിക്കുന്നത്. എന്നാൽ അപ്പൂപ്പൻ എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്നും വി മുരളീധരൻ ചോദിച്ചു.

വി മുരളീധരൻറെ ഈ പരിഹാസത്തോട് വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം ആരാഞ്ഞെങ്കിലും അദ്ദേഹം പ്രതികരിക്കാൻ തയാറായില്ല. കേന്ദ്ര മന്ത്രി പറഞ്ഞതിന്റെ പേരിൽ താൻ പ്രതികരിക്കേണ്ട കാര്യമില്ലെന്ന് വി .ശിവൻകുട്ടി വ്യക്തമാക്കി. വിഷയത്തെക്കുറിച്ച് പരിശോധിക്കുകയാണ്. പഠിച്ചശേഷം പ്രതികരിക്കും. പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.