പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പേരില്‍ സൗജന്യ ലാപ്‌ടോപ്പ് നല്‍കുന്നുവെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ലാപ്‌ടോപ് നല്‍കുന്നതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന സന്ദേശം വ്യാജമാണ്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ചിഹ്നങ്ങള്‍ ഉപയോഗിച്ചാണ് ഇത് പ്രചരിപ്പിക്കുന്നത് എന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
വ്യാജ പ്രചാരണത്തില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വഞ്ചിതരാകരുതെന്ന് മന്ത്രി അറിയിച്ചു. ഇക്കാര്യത്തില്‍ വകുപ്പ് ഡിജിപിയ്ക്ക് പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. വ്യാജ പ്രചരണത്തിലൂടെ കുട്ടികളുടെ വിവരശേഖരണം ലക്ഷ്യമിട്ടുള്ള ഓണ്‍ലൈന്‍ തട്ടിപ്പാണ് നടക്കുന്നതെന്ന് കേരള പൊലീസും വ്യക്തമാക്കി.
വ്യാജ വാര്‍ത്തകള്‍ക്കൊപ്പം ലിങ്കും പ്രചരിക്കുന്നുണ്ട്. ഈ ലിങ്കില്‍ രജിസ്റ്റര്‍ ചെയ്ത് വഞ്ചിതരാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്.