Kerala Latest news

ഉച്ചഭക്ഷണ പദ്ധതിക്കായി നട്ടുനനച്ച പച്ചക്കറികള്‍ മോഷണം പോയി വിഷമം പറഞ്ഞ് കുഞ്ഞുങ്ങള്‍; പകരം സമ്മാനം നല്‍കി കളക്ടര്‍ കൃഷ്ണതേജ

ചെങ്ങാലൂർ രണ്ടാംകല്ല് എഎൽപി സ്കൂളിലെ കുട്ടികൾ ഉച്ചഭക്ഷണ പദ്ധതിക്കായി നട്ടുനനച്ച് വിളയിച്ച പച്ചക്കകറികളെല്ലാം കഴിഞ്ഞ ദിവസമാണ് കള്ളന്മാര്‍ കൊണ്ടുപോയത്. ചെങ്ങാലൂര്‍ രണ്ടാംകല്ല് എഎല്‍പിഎസിലെ സ്‌കൂള്‍ വളപ്പിലെ മോഷണ വാര്‍ത്തയറിഞ്ഞ് സ്‌കൂളിലെ കുട്ടികളെ കാണാനായി കളക്ടര്‍ വിളിപ്പിക്കുകയായിരുന്നു.(v r krishna teja calls students to meet)

ചുറ്റും പോലീസ് നില്‍ക്കുന്ന കളക്ട്രേറ്റിലേക്ക് കയറി വന്നപ്പോള്‍ 28 പേരും ആദ്യമൊന്ന് പേടിച്ചു. എന്നാല്‍, നട്ടുവളര്‍ത്തിയ പച്ചക്കറികള്‍ എവിടെപ്പോയി എന്ന് കളക്ടര്‍ ചോദിച്ചതോടെ പേടിയൊക്കെ മാറ്റിവെച്ച് ‘കള്ളന്മാര് കൊണ്ടുപോയി സാറേ’- എന്ന് പരിഭവിക്കുകയായിരുന്നു കുട്ടിക്കൂട്ടം.ഉടനെ തന്നെ പച്ചക്കറി പോയതിന്റെ വിഷമം മാറാന്‍ ഒരു സമ്മാനം തരട്ടെ എന്നു കളക്ടര്‍ ചോദിക്കുകയും, എഴുതാനും വായിക്കാനും ദൃശ്യങ്ങള്‍ കാണാനും കഴിയുന്ന ഇന്റര്‍ ആക്ടീവ് ഫ്‌ലാറ്റ് പാനല്‍ കുഞ്ഞുങ്ങള്‍ക്ക് കളക്ടര്‍ സമ്മാനിക്കുകയും ചെയ്തു.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

ഉച്ചഭക്ഷണത്തിന്റെ ആവശ്യത്തിന് ഉപയോഗപ്പെടുത്താനായി കുട്ടികളും അധ്യാപകരും ഒരുമിച്ചാണ് സ്‌കൂള്‍ വളപ്പില്‍ തന്നെ പച്ചക്കറി നട്ടത്. എന്നാല്‍ വിളവെടുക്കാനായ സമയത്ത് രാത്രിയില്‍ പച്ചക്കറികള്‍ മോഷണം പോവുകയായിരുന്നു. ആരാണ് മോഷ്ടിച്ചതെന്ന് ഒരു സൂചനയുമില്ല.മോഷണ വാര്‍ത്ത അറിഞ്ഞ ജില്ലാകളക്ടര്‍ കുട്ടികള്‍ക്ക് ഒരു സമ്മാനം നല്‍കി ആശ്വസിപ്പിക്കാന്‍ തീരുമാനിച്ചാണ് 28 കുട്ടികളെയും കളക്ടറേറ്റിലേക്ക് വിളിപ്പിച്ചത്.

കളക്ടർ വി ആർ കൃഷ്ണ തേജ ഫേസ്ബുക്കിൽ കുറിച്ചത്

ഒത്തിരി സന്തോഷത്തോടു കൂടിയാണ് ഞാനീ കുറിപ്പ് എഴുതുന്നത്. ചെങ്ങാലൂർ രണ്ടാംകല്ല് എഎൽപി സ്കൂളിലെ കുട്ടികൾ നട്ടുവളർത്തിയ പച്ചക്കറികൾ ആരോ മോഷ്ടിച്ചു എന്ന വാർത്ത കഴിഞ്ഞ ആഴ്ച വളരെ സങ്കടത്തോടെയാണ് ഞാൻ വായിച്ചത്. സ്കൂളിലെ ഉച്ചഭക്ഷണത്തിനായി കുട്ടികളും അധ്യാപകരും നട്ടുവളർത്തിയ പച്ചക്കറികളാണ് കള്ളൻ കവർന്നത് എന്ന് അറിഞ്ഞപ്പോൾ കൂടുതൽ സങ്കടമായി. ആ സ്കൂളിലെ കുട്ടികളെയും അധ്യാപകരെയും ഒന്ന് കാണണമെന്ന് എനിക്ക് ആഗ്രഹം തോന്നി. കുട്ടികളും അധ്യാപകരും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥകൾ നമ്മൾ കണ്ടും കേട്ടും അനുഭവിച്ചുമൊക്കെ അറിഞ്ഞിട്ടുണ്ടാകും. അത്തരത്തിലൊരു ബന്ധത്തിന്റെ നേർക്കാഴ്ച്ചയാണ് ഇന്നവരെ കണ്ടപ്പോൾ എനിക്ക് മനസിലായത്. എന്നാൽ അവരുടെ സങ്കടം മാറ്റാനായി ഒരു ചെറിയ സമ്മാനം ഞാൻ കരുതി വെച്ചിരുന്നു. സ്കൂളിലേക്ക് ഒരു സ്മാർട്ട് ക്ലാസ് റൂം പാനൽ നൽകാൻ തീരുമാനിച്ച കാര്യം പറഞ്ഞപ്പോൾ അവരെല്ലാം ഞെട്ടി. പാനൽ കണ്ടപ്പോൾ അവരുടെ മുഖങ്ങളാകെ ഒന്ന് വിടർന്നു പുഞ്ചിരിച്ചു. സ്മാർട്ട് ക്ലാസ് റൂം പാനൽ കുട്ടികളുടെ കൈയ്യിലേല്‍പ്പിച്ചപ്പോള്‍ അവരുടെ മുഖത്ത് വിരിഞ്ഞ നിറഞ്ഞ പുഞ്ചിരിയാണ് എനിക്ക് ഇന്ന് കിട്ടിയ ഏറ്റവും വലിയ സന്തോഷം.