നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളുടെ പട്ടിക മുസ്ലിം ലീഗ് പുറത്തുവിട്ടപ്പോൾ വി. കെ ഇബ്രാഹിംകുഞ്ഞിന് സീറ്റില്ല. കളമശേരിയിൽ ഇബ്രാഹിംകുഞ്ഞിന് പകരം ഇത്തവണ മകൻ വി. ഇ ഗഫൂർ മത്സരിക്കും. മുസ്ലിം ലീഗ് സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടതിന് പിന്നാലെ വികാരാധീനനായാണ് വി. കെ ഇബ്രാഹിംകുഞ്ഞ് പ്രതികരിച്ചത്.
തന്നെ സംബന്ധിച്ചിടത്തോളം നാല് തവണ എംഎൽഎ ആകാനും രണ്ട് തവണ മന്ത്രിയാകാനും പാർട്ടി അവസരം നൽകി. സാധാരണക്കാരനെ ഉയർത്തിക്കൊണ്ടുവരാൻ ഒരു സ്ഥാനാർത്ഥിയും ഇടപെടൽ നടത്തില്ലെന്ന് ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. തന്റെ മകനായല്ല ഗഫൂർ സ്ഥാനാർത്ഥിയായത്. മുസ്ലിം ലീഗിന്റെ ജനറൽ സെക്രട്ടറിയാണ് ഗഫൂർ. ഹൈക്കോടതിയിലെ അഭിഭാഷകൻ കൂടിയാണ്. അതിന് പുറമേ ഇന്ത്യാ ഗവൺമെന്റിന്റെ അഭിഭാഷകനായി ഹൈക്കോടതിയിൽ പ്രവർത്തിച്ചിട്ടുണ്ട്. മറ്റുള്ള സ്ഥാനാർത്ഥികളെ പോലെ ഗഫൂർ ജനങ്ങൾക്ക് വിധേയമായി പ്രവർത്തിക്കണമെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.
കളമശേരി മണ്ഡലത്തിൽ കാണിച്ചുതന്ന മാതൃക പിന്തുടരാനാണ് ആഗ്രഹിക്കുന്നതെന്ന് വി. ഇ ഗഫൂർ പറഞ്ഞു. സ്ഥാനാർത്ഥിത്വം അപ്രതീക്ഷിതമായിരുന്നു. പാലാരിവട്ടം പാലം വിഷയത്തിലെ മറുവശം ജനങ്ങൾ മനസിലാക്കുന്നുണ്ടെന്നാണ് കരുതുന്നത്. പൂർണ ആത്മവിശ്വാസത്തോടെ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും ഗഫൂർ കൂട്ടിച്ചേർത്തു.