Kerala

ഹര്‍ജിക്കാരനെ ‘പേപ്പട്ടി’എന്ന് വിളിയ്ക്കാനുള്ള അധികാരം ലോകായുക്തയ്‌ക്കോ സുപ്രിംകോടതിയ്ക്ക് പോലുമോ ഇല്ല: വി ഡി സതീശന്‍

ലോകായുക്ത ഹര്‍ജിക്കാരനെ കുറിച്ചു നടത്തിയ പരാമര്‍ശം തികഞ്ഞ അനൗചിത്യമെന്ന് വിമര്‍ശിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. പരാതിക്കാരനെ പേപ്പട്ടിയോട് ഉപമിച്ച വാക്കുകള്‍ അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ശശികുമാറിനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ ലോകായുക്ത പിന്‍വലിച്ച് മാപ്പ് പറയണം. ഹര്‍ജിക്കാരനെ പേപ്പട്ടി എന്ന് വിളിക്കാന്‍ ഉള്ള ഒരു അധികാരവും അവകാശവും ലോകായുക്തക്കും സുപ്രിംകോടതിക്കും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ജഡ്ജ്‌മെന്റ് വിമര്‍ശിക്കാന്‍ പാടില്ല എന്ന് പറയുന്നത് ശരിയല്ലെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. ജഡ്ജ്‌മെന്റ് വിമര്‍ശിക്കപ്പെടുമെന്നും അതിന് ഭരണഘടനപരമായ സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹര്‍ജിക്കാരനെ പേപ്പട്ടി എന്നെല്ലാം വിളിയ്ക്കുന്നത് വളരെ മോശമായ കാര്യമാണ്. ഇത്തരം വാചകം പറയുമ്പോള്‍ ആരുടെ വിശ്വാസത ആണ് കുറഞ്ഞതെന്ന് ചിന്തിക്കണം. അഴിമതി നിരോധന സംവിധാനത്തിനുള്ള ആളുകളുടെ വിശ്വാസം കുറഞ്ഞുവരുന്നുവെന്നും വി ഡി സതീശന്‍ വിമര്‍ശിച്ചു.

ബജറ്റിന് ശേഷം സര്‍ക്കാര്‍ തുടര്‍ നികുതി കൊള്ള നടത്തുകയാണെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. കെട്ടിട പെര്‍മിറ്റ് ഫീസ് ഒരു ന്യായവുമില്ലാതെ വലിയതോതില്‍ വര്‍ധിപ്പിച്ചു. അപേക്ഷ ഫീസ് 30 രൂപയില്‍ നിന്ന് ആയിരം മുതല്‍ 5000 വരെ ആക്കി. അപേക്ഷാ ഫോമിന്റെ ഫീസും പെര്‍മിറ്റ് ഫീസും എല്ലാം കുത്തനെ കൂട്ടിയെന്നും വി ഡി സതീശന്‍ പറഞ്ഞു.