Kerala

മധുക്കേസ് നടത്തിപ്പിൽ സർക്കാരിൻ്റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചയുണ്ടായി; വിധി ആശ്വാസകരം; വി ഡി സതീശൻ

അട്ടപ്പാടി മധു കൊലക്കേസിൽ സർക്കാരിൻ്റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചയുണ്ടായെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. കേസ് നടത്തിപ്പിൽ സർക്കാരിന് ഗുരുതരമായ വീഴ്ചകളുണ്ടായിട്ടും 14 പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി വിധി കേരളീയ പൊതു സമൂഹത്തിന് സന്തോഷം നൽകുന്നു. മധുവിന്റെ അമ്മയുടേയും സഹോദരിയുടേയും പോരാട്ടവീര്യവും നിശ്ചയദാർഢ്യവും ഈ കേസിൽ നിർണായകമായി.

കേസ് നടത്തിപ്പിൽ സർക്കാരും പ്രോസിക്യൂഷനും പലപ്പോഴും നിസംഗരായിരുന്നു. സാക്ഷികളെ പണം കൊടുത്ത് സ്വാധീനിക്കാൻ ശ്രമിച്ചു. മധുവിന്റെ അമ്മയേയും സഹോദരിയേയും പ്രതികളുടെ ബന്ധുക്കൾ ഭീഷണിപ്പെടുത്തി. ഇതെല്ലാം നടന്നിട്ടും പൊലീസ് തിരിഞ്ഞു നോക്കിയില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ആ കുടുംബത്തെ ഹൃദയത്തോട് ചേർത്ത് നിർത്തുന്നുവെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.