Kerala

സ്പ്രിംഗ്ളര്‍ വിവാദം; സര്‍ക്കാരിനെതിരായ പരാമര്‍ശങ്ങള്‍ അക്കമിട്ട് നിരത്തി വി.ഡി സതീശന്‍

സ്പ്രിംഗ്ളർ വിവാദം വന്നപ്പോൾ പ്രതിപക്ഷ നേതാവിനെയും ഞങ്ങളെയും പരിഹസിച്ചവർ സർക്കാർ നിയമിച്ച അന്വേഷണ കമ്മറ്റിയുടെ റിപ്പോർട്ട് ഒന്ന് വായിച്ചു നോക്കുന്നത് നന്നായിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് വി.ഡി സതീശന്‍. പ്രതിപക്ഷം പറഞ്ഞതെല്ലാം റിപ്പോര്‍ട്ട് ശരിവെക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ അക്കമിട്ട് നിരത്തുന്നുണ്ട് വി.ഡി സതീശന്‍. എന്നിട്ട് ഇതെല്ലാം ചെയ്തത് ശിവശങ്കറാണെന്ന് റിപ്പോര്‍ട്ട് പറയുന്നുവെന്നും അപ്പോള്‍ ഈ നാല് വര്‍ഷം കേരളം കണ്ടത് ശിവശങ്കര്‍ ഭരണമായിരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

വി.ഡി സതീശന്‍റെ ഫേസ്ബുക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

സ്പ്രിംഗ്ളർ വിവാദം വന്നപ്പോൾ പ്രതിപക്ഷ നേതാവിനെയും ഞങ്ങളെയും പരിഹസിച്ചവർ സർക്കാർ നിയമിച്ച അന്വേഷണ കമ്മറ്റിയുടെ റിപ്പോർട്ട് ഒന്ന് വായിച്ചു നോക്കുന്നത് നന്നായിരിക്കും. പ്രതിപക്ഷം പറഞ്ഞതെല്ലാം റിപ്പോർട്ട് ശരിവയ്ക്കുന്നു. 1.നടപടിക്രമങ്ങൾ പാലിച്ചില്ല. 2.തദ്ദേശസ്വയംഭരണ വകുപ്പ്, ആരോഗ്യ വകുപ്പ് മന്ത്രിമാരും ഉദ്യോഗസ്ഥരും ഫയൽ കണ്ടില്ല. 3.നിയമവകുപ്പിന്‍റെ പരിശോധന നടന്നില്ല. 4.ധനകാര്യ പരിശോധനയും നടന്നില്ല. 5.ഡാറ്റാ സുരക്ഷിതത്വം ഉറപ്പുവരുത്തിയില്ല. 6.വിദേശകമ്പനിയുമായി കരാറിലേർപ്പെടുമ്പോൾ വേണ്ട നടപടിക്രമങ്ങൾ പാലിച്ചില്ല.

സ്പ്രിംഗ്ളർ വന്നില്ലെങ്കിൽ കേരളത്തിന് കോവിഡിനെ പ്രതിരോധിക്കാൻ കഴിയില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെയും സർക്കാരിന്‍റെയും വാദം. കമ്മറ്റി വേറൊന്നു കൂടിപറയുന്നു, എല്ലാം ചെയ്തത് ശിവശങ്കർ മാത്രമായിരുന്നുവെന്ന്

അപ്പോൾ കഴിഞ്ഞ നാലുവർഷക്കാലം കേരളം കണ്ടത് ശിവശങ്കർ ഭരണമായിരുന്നു എന്ന് സാരം.