Kerala

സമരക്കാരെ പരിഹസിക്കുന്നു; പ്രതിഷേധ സമരങ്ങളോട് സർക്കാരിന് എന്താണിത്ര അസഹിഷ്‌ണുത?- വി ഡി സതീശൻ

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സമരക്കാരെ പരിഹസിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിയുടെ പെരുമാറ്റം കോർപ്പറേറ്ററുകളെ പോലെയാണ്. പ്രതിഷേധ സമരങ്ങളോട് സർക്കാരിന് എന്താണിത്ര അസഹിഷ്‌ണുതയെന്ന് വി ഡി സതീശൻ ചോദിച്ചു.
മന്ത്രിസഭയിലെ തമാശക്കാരനാവുകയാണ് സജി ചെറിയാനെന്നും അദ്ദേഹം പരിഹസിച്ചു.

ഇതിനിടെ സിൽവർ ലൈനിന്റെ പേരിൽ കോൺ​ഗ്രസും ബി.ജെ.പിയും കേരളത്തിൽ നടത്തുന്നത് ജനപിന്തുണയില്ലാത്ത സമരാഭാസമാണെന്ന് എ. വിജയരാഘവൻ ആരോപിച്ചു. കേരളത്തിൽ സി.പി.ഐ.എം ഭരിക്കുമ്പോൾ വികസനം വരരുത് എന്ന കാഴ്ച്ചപ്പാടാണ് കോൺ​ഗ്രസിനുള്ളത്. കേരളത്തിൽ നിന്നുള്ള കോൺ​ഗ്രസ് എം.പിമാർ വികസനത്തിന് എതിരാണ് എന്ന സന്ദേശം ജനങ്ങൾ മനസിലാക്കിക്കഴിഞ്ഞു. രാജ്യത്ത് ഒരു സർക്കാരും നൽകാത്ത മികച്ച പുനരധിവാസ പാക്കേജാണ് സിൽവർ ലൈനിൽ നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം സിൽവർ ലൈനിന്റെ അതിരടയാള കല്ലിടൽ നിർത്തിവച്ചിട്ടില്ലെന്ന് കെ റെയിൽ എംഡി വി അജിത്കുമാർ അല്പം മുമ്പ് പറഞ്ഞിരുന്നു. സംസ്ഥാനത്ത് കല്ലിടൽ നിർത്തിവച്ചതായി കരാർ ഏറ്റെടുത്ത ഏജൻസി അറിയിച്ചതിന് പിന്നാലെയായിരുന്നു എം.ഡിയുടെ പ്രതികരണം. സർക്കാരിന്റെയോ ഏജൻസിയുടെയോ അറിയിപ്പ് ലഭിച്ചിട്ടില്ല. സിൽവർലൈൻ സർവേ നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

പൊലീസ് സുരക്ഷ ഉറപ്പാക്കിയാൽ മാത്രമേ സർവേയുമായി മുന്നോട്ട് പോകാൻ കഴിയൂ എന്ന് ഉദ്യോ​ഗസ്ഥർ നേരത്തേ പ്രതികരിച്ചിരുന്നു. പ്രതിഷേധമുണ്ടാക്കുന്നവർ വാഹനങ്ങൾക്കും സർവേ ഉപകരണങ്ങൾക്കും കേടുപാടുകൾ വരുത്തുകയാണ്. സമരക്കാരിൽ ചിലർ വനിതാ ജീവനക്കാരെ വരെ കൈയേറ്റം ചെയ്യുകയാണ്. ഇത്തരം മോശം സാഹചര്യത്തിൽ സർവേ തുടരാനാകില്ലെന്ന് ഏജൻസി കെ റെയിൽ അധികൃതരെ അറിയിച്ചതായാണ് വിവരം.