Kerala

സിൽവർ ലൈൻ ; മുഖ്യമന്ത്രി മൗനം തുടരുകയാണ്, അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിക്കുന്നു: വി ഡി സതീശൻ

സിൽവർ ലൈൻ പദ്ധതിയിൽ മുഖ്യമന്ത്രി വീണ്ടും അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. യു ഡി എഫ് സമരവുമായി മുന്നോട്ട് പോകും. യു ഡി എഫ് ഉയർത്തിയിരിക്കുന്ന ചോദ്യങ്ങൾക്കൊന്നും സർക്കാർ ഇതുവരെ ഉത്തരം നൽകിയിട്ടില്ല . മുഖ്യമന്ത്രി മൗനം തുടരുകയാണ്. ഒരു ചോദ്യത്തിനും ഉത്തരം നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. അതിനാൽ സിൽവർ ലൈന് എതിരായി ജനങ്ങളെ ബോധവാന്മാരാക്കുന്ന പരിപാടികളും സമരങ്ങളുമായി യു ഡി എഫ് മുന്നോട്ട് പോകുമെന്ന് വി ഡി സതീശൻ വ്യക്തമാക്കി

അതേസമയം സിൽവർ ലൈൻ, സാമൂഹിക ആഘാത പഠനത്തിന് ഇന്ന് കണ്ണൂരിൽ തുടക്കമാകും. ആദ്യഘട്ട പഠനം പദ്ധതി കടന്ന് പോകുന്ന 11 ജില്ലകളിലാണ്. ദിവസവും 5 മുതൽ 10 വരെ കുടുംബങ്ങളെ സർവേ സംഘം സമീപിക്കും.

മറ്റു ജില്ലകളിലും നടപടികൾ അതിവേഗം പൂർ‌ത്തീകരിക്കാനാണ് സർക്കാർ നിർ‌ദേശം. മേയിൽ 11 ജില്ലകളിലെയും സാമൂഹികാഘാത പഠനം പൂർ‌ത്തിയാക്കി ഭൂമി ഏറ്റെടുക്കലിലേക്കു നീങ്ങാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.

സർക്കാരിന്റെ എല്ലാ വൻകിട പദ്ധതികൾക്കും തടസ്സമാകുന്നത് ഭൂമി ഏറ്റെടുക്കുന്നതിലെ കാലതാമസമാണ്. എന്നാൽ, സിൽവർ ലൈൻ പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കൽ റെക്കോർഡ് വേഗത്തിൽ പൂർത്തിയാക്കാനാണ് സർക്കാർ തീരുമാനം. ഭൂമി നഷ്ടപ്പെടുമെന്ന ഭയം കാരണം ഇപ്പോൾ ഉയർന്നിട്ടുള്ള പ്രതിഷേധങ്ങൾ നഷ്ടപരിഹാരത്തുകയുടെ കാര്യത്തിൽ തീരുമാനമാകുന്നതോടെ അയയുമെന്നാണ് കണക്കുകൂട്ടൽ.