Kerala

അട്ടപ്പാടിയിലെ പൊലീസ് നടപടിയെ ന്യായീകരിക്കുന്ന മുഖ്യമന്ത്രിയുടെ നടപടി വിചിത്രം; വി ഡി സതീശൻ

അട്ടപ്പാടിയിൽ ആദിവാസികളെ പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പിടികൂടിയ സംഭവത്തിൽ പൊലീസിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷം. അപമാനകരമായ പ്രവർത്തനമാണ് പൊലീസിന്റേതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.

കൊലക്കേസ് പ്രതികളോട് ചെയ്യാത്ത രീതിയിലുള്ള പെരുമാറ്റമാണ് ആദിവാസികളോട് പൊലീസ് ചെയ്തത്. പൊലീസിനെ ന്യായീകരിക്കുന്ന മുഖ്യമന്ത്രിയുടെ നടപടി വിചിത്രമാണ്. പൊലീസ് റിപ്പോർട്ട് വായിച്ച മുഖ്യമന്ത്രിയുടെ ദൃശ്യങ്ങൾ കണ്ടിരുന്നെങ്കിൽ നന്നായിരുന്നു.

ഭൂമാഫിയയ്‌ക്കെതിരെ പ്രവർത്തിക്കുന്ന ആക്ടിവിസ്റ്റാണ് പൊലീസ് അറസറ്റ് ചെയ്ത മുരുകൻ. അട്ടപ്പാടിയിലെ ചരിത്രത്തിൽ ആദ്യമായാണ് നേരം പുലരും മുമ്പ് ഇത്തരത്തിലുള്ള ഒരു പൊലീസ് രാജ്. അട്ടപ്പാടിയിലെ ഭൂമാഫിയയുടെ ഉപകരണമായി പൊലീസ് മാറിയെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു.

അതേസമയം നീതിനിർവഹണം നടത്താനാണ് പൊലീസ് ഊരിലേക്ക് പോയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിഷയത്തിൽ അടിയന്തര നോട്ടിസിന് മറുപടി നൽകി. ഊരു മൂപ്പനും മകനും അയൽവാസിയായ കുറന്താചലത്തിനെ പരിക്കേൽപ്പിച്ചു. കുറ്റകൃത്യം നടന്നെന്ന പരാതിയെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. ക്രമസമാധാനം ഉറപ്പാക്കാനുള്ള നടപടിയാണ് പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. നീതിനിർവഹണം നടത്താനാണ് പൊലീസ് ശ്രമിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അട്ടപ്പാടിയിൽ ആദിവാസികളെ പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പിടികൂടിയതായി പരാതി ഉയർന്നിരുന്നു . ഷോളയൂർ വട്ടലക്കി ഊരുമൂപ്പൻ ചൊറിയൻമൂപ്പനെയും മകൻ മുരുകനെയുമാണ് പൊലീസ് പിടികൂടിയത്. കൃത്യനിർവഹണം തടസപ്പെടുത്തിയതിനെ തുടർന്നാണ് നടപടിയെടുത്തതെന്നാണ് പൊലീസ് വിശദീകരിച്ചത്.