സിൽവർ ലൈൻ പദ്ധതിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച യോഗത്തിൽ പങ്കെടുക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തങ്ങൾക്ക് മുഖ്യമന്ത്രി വിളിച്ച യോഗത്തിന് അറിയിപ്പ് ലഭിച്ചിട്ടില്ല. പൗരപ്രമുഖന്മാരായ, മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെട്ടവരെ മാത്രമാണ് യോഗത്തിന് വിളിച്ചിട്ടുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിനിടെ സംസ്ഥാനത്ത് പൊലീസ് അഴിഞ്ഞാട്ടമാണ് നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു . ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ പൊലീസ് ദയനീയ പരാജയമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സിൽവർ ലൈൻ പദ്ധതിക്ക് പിന്തുണ തേടി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തിറങ്ങുകയാണ് . പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ യോഗങ്ങൾക്ക് നാളെ തുടക്കമാകും. പൗരപ്രമുഖരുടെ ആദ്യ യോഗം നാളെ തിരുവനന്തപുരത്ത് ചേരും. കൂടാതെ മാധ്യമ മേധാവികളുടെ യോഗം ഈ മാസം 25 ന് ചേരും. ഇതിനിടെ രാഷ്ട്രീയ പാർട്ടികളുടെ യോഗവും ചേരും. എം പി മാർ , എം എൽ എ മാർ എന്നിവരുടെ യോഗവും വിളിക്കും. മാത്രമല്ല പദ്ധതിയുടെ വിശദാംശങ്ങളും സർക്കാർ നടപടികളും യോഗത്തിൽ വിശദീകരിക്കും.
അതേസമയം കെ-റെയില്‍ പദ്ധതിയില്‍ വീടുകള്‍ കേന്ദ്രീകരിച്ചുള്ള പ്രചാരണത്തിനുപിന്നാലെ വിശദീകരണ സെമിനാറുമായി സിപിഐഎം. പദ്ധതിക്കെതിരെ സംസ്ഥാനത്ത് ആദ്യമായി ജനകീയ സമരം ആരംഭിച്ച കോഴിക്കോട് കാട്ടില്‍പീടികയിലാണ് കെ-റെയില്‍ നേരും നുണയും എന്ന പേരില്‍ ഇന്നുമുതല്‍ സെമിനാര്‍ നടത്തുന്നത്.