Kerala

സിഎജി റിപ്പോർട്ട്; അന്വേഷണം നടത്താൻ സർക്കാർ തയാറായില്ല,കുറ്റക്കാരെ സംരക്ഷിക്കാനുള്ള സർക്കാർ ശ്രമം നടന്നു: വി ഡി സതീശൻ

സിഎജി റിപ്പോർട്ടിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. സിഎജി റിപ്പോർട്ടിലെ രണ്ട് പരാമർശങ്ങളും പ്രതിപക്ഷം ഉന്നയിച്ചതാണെന്ന് വി ഡി സതീശൻ പറഞ്ഞു. വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് സർക്കാർ സിഎജിയോട് സമ്മതിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ഒരു അന്വേഷണം നടത്താൻ പോലും സർക്കാർ തയാറായില്ല. കുറ്റക്കാരെ സംരക്ഷിക്കാനുള്ള സർക്കാർ ശ്രമം നടന്നതായും അദ്ദേഹം ആരോപിച്ചു.

പ്രളയ മുന്നൊരുക്കത്തിൽ സർക്കാരിന് വീഴ്ച സംഭവിച്ചുവെന്ന് സിഎജി റിപ്പോർട്ട് പുറത്തുവന്നിരുന്നു. ദേശീയ ജലനയം അനുസരിച്ച് കേരള സംസ്ഥാന ജലനയം പുതുക്കിയില്ലെന്നും പ്രളയ നിയന്ത്രണത്തിനും, പ്രളയ നിവാരണത്തിനുമുള്ള വ്യവസ്ഥകൾ സംസ്ഥാന ജല നയത്തിൽ ഇല്ലായിരുന്നുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ഇതിനിടെ മുല്ലപ്പെരിയാർ മരംമുറിക്കലിൽ തീരുമാനമെടുത്തത് മുഖ്യമന്ത്രി അറിഞ്ഞു കൊണ്ടാണെന്ന് വി ഡി സതീശൻ ആവർത്തിച്ചു. മരം മുറിക്കാനുള്ള തീരുമാനം സെക്രട്ടറി തലത്തിൽ എടുത്തുവെന്നും യോഗങ്ങളിൽ ജലവിഭവ വകുപ്പ് അഡീ.സെക്രട്ടറി പങ്കെടുത്തിട്ടും മന്ത്രി അറിഞ്ഞില്ലെന്നും പറഞ്ഞ അദ്ദേഹം സംഭവത്തിൽ ജുഡീഷ്യൻ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു.