സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കി നടി മഞ്ജു വാര്യര്‍. ശ്രീകുമാര്‍ മേനോന്‍ തന്നെ അപായപ്പെടുത്തുമെന്ന് ഭയമുള്ളതായും ഒടിയന്‍ സിനിമ ഇറങ്ങിയതിന് ശേഷമുണ്ടായ സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ആണെന്നും ഡി.ജി.പിക്ക് നല്‍കിയ പരാതി കത്തില്‍ പറയുന്നു. ശ്രീകുമാര്‍ മേനോനും സുഹൃത്ത് മാത്യൂ സാമുവലിനെതിരെയുമാണ് മഞ്ജു പരാതി നല്‍കിയത്. ഡി.ജി.പിയെ നേരില്‍ കണ്ടാണ് താരം പരാതി സമര്‍പ്പിച്ചത്.
മാസങ്ങളായി തന്നെ അപമാനിക്കുകയാണെന്നും ഒപ്പമുള്ളവരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായും ഒടിയന്‍ സിനിമക്ക് ശേഷം സമൂഹ മാധ്യമങ്ങളിലൂടെ നടന്ന ആക്രമണങ്ങള്‍ക്ക് പിന്നില്‍ ശ്രീകുമാര്‍ മേനോനും സുഹൃത്തുക്കളുമാണെന്നും മഞ്ജു വാര്യര്‍ പരാതിയില്‍ പറയുന്നു. ശ്രീകുമാര്‍ മേനോന് വേണ്ടി നിരവധി പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ സ്വകാര്യ പരസ്യകമ്പനി തന്റെ മേല്‍നോട്ടത്തിലുള്ള ഒരു ഫൌണ്ടേഷന്റെ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിച്ചതായും മഞ്ജു വാര്യര്‍ പറയുന്നു. ഇതിന്റെ ഭാഗമായി ഔദ്യോഗിക കാര്യങ്ങള്‍ക്ക് വേണ്ടി ചെക്കും ലെറ്റര്‍ പാഡും ഒപ്പിട്ടു നല്‍കിയതായും ഇത് ദുരുപയോഗം ചെയ്യുന്നതായും മഞ്ജു പരാതിയില്‍ പറഞ്ഞു. ശ്രീകുമാര്‍ മേനോന്‍ അപകീര്‍ത്തിപ്പെടുത്തുന്നത് കാരണം തനിക്ക് വന്ന ചില പ്രൊജക്ടുകള്‍ നഷ്ടപ്പെടുന്നതായും തനിക്കെതിരെ സംസാരിക്കുന്ന ഓഡിയോ സഹിതം ഡി.ജി.പിക്ക് പരാതി നല്‍കി.
നേരത്തെ ഒടിയന്‍ സിനിമ പുറത്തിറങ്ങിയ സമയത്ത് മഞ്ജു വാര്യര്‍ക്കെതിരെ ശ്രീകുമാര്‍ മേനോന്‍ ആഞ്ഞടിച്ചിരുന്നു. പ്രതിസന്ധി ഘട്ടത്തിൽ തനിക്കൊപ്പം മഞ്ജു നിന്നില്ലെന്നാണ് ശ്രീകുമാര്‍ മേനോന്‍ ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞത്. ഒരാള്‍ക്ക് ആവശ്യമുള്ള ഘട്ടത്തിലാണ് സുഹൃത്തുക്കള്‍ കൂടെ നില്‍ക്കേണ്ടത്. എന്നാല്‍ തന്‍റെ പ്രതിസന്ധി ഘട്ടത്തില്‍ മഞ്ജു 100 ശതമാനം തന്നെ കൈവിട്ടു. ഒരു ദിവസം പോലും ഓടിയ സിനിമകള്‍ക്കായി രംഗത്തിറങ്ങുന്ന മഞ്ജു വാര്യര്‍ ഒടിയനായി ഒരു ഫേസ്ബുക്ക് പോസ്റ്റ് പോലും ഇട്ടിട്ടില്ലെന്നും ശ്രീകുമാര്‍ മേനോന്‍ കുറ്റപ്പെടുത്തി. ആരെയാണ് മഞ്ജു പേടിക്കുന്നതെന്നും ശ്രീകുമാര്‍ ചോദിച്ചു. താന്‍ ചാനലുകള്‍ വഴി വിമര്‍ശനം ഉന്നയിച്ചതിന് ശേഷമാണ് മഞ്ജു ഒടിയനെക്കുറിച്ച് പോസ്റ്റിട്ടതെന്ന് ശ്രീകുമാര്‍ ചൂണ്ടിക്കാട്ടി. പിന്തുണയ്ക്കുന്നവരെ കൈവിടുന്ന സ്വഭാവമാണ് മഞ്ജുവിന്. ഇത് തിരുത്തണമെന്നും മഞ്ജു കാണിക്കുന്നത് നന്ദികേടാണെന്നും ശ്രീകുമാര്‍ മേനോന്‍ പറയുകയുണ്ടായി. ഒടിയന്‍ സിനിമയ്‌ക്കെതിരായി നടക്കുന്ന ആക്രമണം മഞ്ജു വാര്യരോടുള്ള ശത്രുത കൊണ്ടാണെന്നും മഞ്ജു വാര്യരുടെ രണ്ടാം വരവിന് നിമിത്തമായതാണ് തനിക്കെതിരായ ആക്രമണത്തിന് കാരണമാണെന്നും ശ്രീകുമാര്‍ ആരോപിച്ചിരുന്നു.