Kerala

ഇന്ന് ആറന്മുള ഉതൃട്ടാതി ജലഘോഷയാത്ര; വള്ളംകളി ഒഴിവാക്കി

പ്രസിദ്ധമായ ഉതൃട്ടാതി വള്ളംകളി ഇന്ന് ആളും ആരവവുമില്ലാതെ ആചാരപരമായി മാത്രം നടക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പമ്പാനദിയുടെ നെട്ടായത്തിൽ ചടങ്ങുകൾ ഇന്ന് ആചാരപരമായി നടക്കും. 52 പള്ളിയോടങ്ങളാണ് സാധാരണ ജലമേളയിൽ പങ്കെടുക്കുന്നത്. എന്നാൽ, കൊവിഡ് മാനദണ്ഡങ്ങൾ മുൻനിർത്തി വിവിധമേഖലകളെ പ്രതിനിധീകരിച്ച് മൂന്ന് പള്ളിയോടങ്ങൾക്കാണ് ഇക്കുറി ജലമേളയിൽ പങ്കെടുക്കാൻ അനുമതി.

നറുക്കെടുപ്പിലൂടെ നിശ്ചയിച്ച മൂന്ന് പള്ളിയോടങ്ങളാണ് ഉത്രട്ടാതി ജലമേളയിൽ പങ്കെടുക്കുന്നത്. കിഴക്കൻ മേഖലയിൽ നിന്ന് കോഴഞ്ചേരി, മദ്ധ്യമേഖലയിൽ നിന്ന് മാരാമൺ, പടിഞ്ഞാറൻ മേഖലയിൽ നിന്ന് കീഴ് വന്മഴി എന്നീ പള്ളിയോടങ്ങളാണ് ജലമേളയിൽ പങ്കെടുക്കുന്നത്. മൂന്നിലുമായി 120 പേരായിരിക്കും എത്തുന്നത്.

ഇന്ന് രാവിലെ 10.45 ന് പാർഥസാരഥി ക്ഷേത്രക്കടവിലെത്തുന്ന പള്ളിയോടങ്ങളെ വെറ്റില പുകയില നൽകി സ്വീകരിക്കും. ക്ഷേത്രത്തിൽ നിന്നുള്ള മാലയും പ്രസാദവും പള്ളിയോടങ്ങൾക്ക് കൈമാറും. ഒരു പാലിയോടത്തിൽ 40 തുഴക്കാർ മാത്രമേ പ്രവേശിക്കാവു എന്നാണ് നിബന്ധന. പള്ളിയോടങ്ങളിലെത്തുന്ന കരനാഥന്മാർക്ക് ക്ഷേത്രത്തിൽ പ്രവേശനമില്ല. പള്ളിയോടത്തിൽ എത്തുന്നവർ ക്ഷേത്രക്കടവിൽ ഇറങ്ങാൻ പാടില്ലെന്ന് നിർദേശം നൽകിയിട്ടുണ്ട്. പള്ളിയോട ക്യാപ്ടൻ വെള്ളമുണ്ടും ചുവന്ന തലയിൽക്കെട്ടും മറ്റുള്ളവർ വെള്ളമുണ്ടും വെള്ള തലയിൽക്കെട്ടും ധരിക്കണം. പള്ളിയോട സേവാസംഘം നൽകിയ തിരിച്ചറിയൽ കാർഡില്ലാത്ത ആരും പള്ളിയോടത്തിൽ പ്രവേശിക്കരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്.

ഭീഷ്മ പർവത്തിലെ ‘ഏഴുരണ്ടു ലോകമെല്ലാം അടക്കി പാലാഴി തന്നിൽ’ എന്ന ഭാഗമാണ് പള്ളിയോടത്തിൽ ആദ്യ ഘട്ടം പാടുന്നത്. ക്ഷേത്രക്കടവിൽ നിന്ന് സത്രക്കടവിന്റെ ഭാഗത്തേക്ക് ഭീഷ്മ പർവം പാടി തുഴഞ്ഞ് നീങ്ങും. സത്രക്കടവിൽ ചവിട്ടിത്തിരിച്ച ശേഷം കിഴക്കോട്ട് പരപ്പുഴക്കടവ് വരെ വെച്ചു പാട്ടായ ‘ശ്രീ പദ്മനാഭ മുകുന്ദ മുരാന്തക’ പാടി മൂന്ന് പള്ളിയോടങ്ങളും ഒന്നിച്ച് തുഴഞ്ഞ് നീങ്ങും. പരപ്പുഴകടവിൽ നിന്ന് തിരികെ പടിഞ്ഞാട്ടേക്ക് മൂന്ന് പള്ളിയോടങ്ങളും സന്താന ഗോപാലത്തിലെ ‘നീലകണ്ഠ തമ്പുരാനേട എന്ന വരികൾ ഒന്നിച്ച് പാടി തുഴഞ്ഞ് നീങ്ങും. ഇങ്ങനെ മൂന്ന് ഘട്ടമായി നടക്കുന്ന ജല ഘോഷയാത്ര മാത്രമായിരിക്കും ഇത്തവണ ഉത്രട്ടാതി ജലമേളയിൽ.

മുൻ വർഷത്തേതുപോലെ പൊതുജനങ്ങൾക്ക് ജലമേളയിൽ പ്രവേശനമില്ല. നിശ്ചയിക്കപ്പെട്ടവർക്ക് തിരിച്ചറിയൽ രേഖകാണിച്ച് ക്ഷേത്രക്കടവിൽ പ്രവേശിക്കാം. അനധികൃതമായി പ്രവേശിക്കാനെത്തുന്നവരെ പൊലീസ് നിയന്ത്രിക്കും. ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിനും നിലവിൽ സർക്കാർ നൽകിയിരിക്കുന്ന കൊവിഡ് നിബന്ധനകൾ ബാധകമാണ്.

ഉത്രട്ടാതി നാളായ ഇന്ന് രാത്രി അത്താഴ പൂജയ്ക്ക് ശേഷം ഗരുഡവാഹനം എഴുന്നള്ളത്ത് ആറന്മുള ശ്രീപാർഥസാരഥി ക്ഷേത്രത്തിൽ നടക്കും. മഹാവിഷ്ണുവായ ശ്രീപാർഥസാരഥി വാഹനമായ ഗരുഡന്റെ പുറത്ത് എഴുന്നള്ളുന്നു എന്നാണ് വിശ്വാസം. എല്ലാ ഉത്രട്ടാതി നാളിലും ഗരുഡവാഹനം എഴുന്നള്ളിക്കും. എന്നാൽ ക്ഷേത്രോത്സവത്തോട് അനുബന്ധിച്ചുള്ള അഞ്ചാം പുറപ്പാടിന്റെ ഭാഗമായ ഗരുഡവാഹനം എഴുന്നള്ളത്താണ് ഏറെ പ്രസിദ്ധം.

ഇത്തവണ നീരണിയാൻ കഴിഞ്ഞത് ആകെ അഞ്ചു പള്ളിയോടങ്ങൾക്കാണ്. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്ത മൂന്ന് പള്ളിയോടങ്ങൾക്ക് പുറമേ പുത്തൻ പള്ളിയോടമെന്ന നിലയിൽ മുണ്ടൻകാവ് പള്ളിയോടവും അപകടകരമായ മരം മുറിക്കുന്നതിന് സൗകര്യം ചെയ്യുന്നതിനായി ഇടശ്ശേരിമല പള്ളിയോടവും നീരണിഞ്ഞിരുന്നു. ഇതിൽ മുണ്ടൻകാവ് പള്ളിയോടം കല്ലിശ്ശേരി ഇറപ്പുഴ ചതയം ജലോത്സവത്തിൽ പ്രതീകാത്മകമായി പങ്കെടുത്തിരുന്നു.