ഉത്രാവധക്കേസില്‍ പ്രതി സൂരജിന് ലഭിച്ച ശിക്ഷാവിധിയില്‍ തൃപ്തിയെന്ന് മുന്‍ കൊല്ലം റൂറല്‍ എസ്പി എസ് ഹരിശങ്കര്‍.
കോടതി വിധിയെ ബഹുമാനിക്കുന്നതായും എല്ലാ വിധികള്‍ക്കും അതിന്റേതായ വശങ്ങളുണ്ടെന്നും എസ്പി ഹരിശങ്കര്‍ മാധ്യമങ്ങളോട് പറഞ്ഞു. കോടതി ശിക്ഷാവിധി പ്രസ്താവിച്ച ശേഷമായിരുന്നു എസ്പിയുടെ പ്രതികരണം. ‘എല്ലാ വിധികള്‍ക്കും അതിന്റേതായ പോസിറ്റിവ് വശങ്ങളുണ്ട്. കൃത്യമായ മാനദണ്ഡങ്ങള്‍ കണക്കിലെടുത്താണ് ഇരട്ട ജീവപര്യന്തം ബഹുമാനപ്പെട്ട കോടതി വിധിച്ചിരിക്കുന്നത്. വധശിക്ഷ എന്ന രീതിക്ക് നിയമപരമായി ഒരുപാട് വശങ്ങളുണ്ട്. അതിലിടപെടാന്‍ നമുക്കവകാശമില്ല.
അന്വേഷണ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ വിധിയില്‍ തൃപ്തരാണ്. ഫോറന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ്, ഫൊറന്‍സിക്, പൊലീസ്, ഉള്‍പ്പെടെ എല്ലാവരും സമയബന്ധിതമായി റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചതുകൊണ്ടാണ് ഇത്ര ചുരുങ്ങിയ ദിവസത്തിനുള്ളില്‍ വിധി വരാന്‍ കാരണമായത്’. കോടതി വിധി കൃത്യമായി പഠിച്ച ശേഷം തുടര്‍നടപടികള്‍ ആലോചിക്കുമെന്നും എസ്പി പറഞ്ഞു. അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും പ്രതി അന്വേഷണത്തോട് സഹകരിച്ചിരുന്നില്ലെന്ന് എസ് ഹരിശങ്കര്‍ ട്വന്റിഫോറിനോട് പറഞ്ഞിരുന്നു. പല തെളിവുകള്‍ നിരത്തിയിട്ടും കുറ്റസമ്മതം നടത്താന്‍ പ്രതി സൂരജ് തയാറായിരുന്നില്ല. കേസില്‍ ദൃക്‌സാക്ഷികള്‍ ഇല്ലാത്തതിനാല്‍ പരമാവധി ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്.