ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് നിയമസഭാ മണ്‌ഡലങ്ങളിലും എല്‍.ഡി.എഫിന് വിജയം സുനിശ്ചിതമാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.
കേരളത്തിന്റെ വികസനത്തിനും സാമൂഹിക മുന്നേറ്റത്തിനും തടസ്സം സൃഷ്ടിക്കുന്ന പ്രതിപക്ഷത്തിനും ബി.ജെ.പിക്കും ഉപതെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ ശക്തമായ താക്കീത് നല്‍കും.
ജനങ്ങളുടെ പ്രശ്‌നങ്ങളും വികസന കാര്യങ്ങളും ചര്‍ച്ച ചെയ്യുന്നതിന് പകരം നിസാര വിഷയങ്ങളുടെ പേരില്‍ വിവാദം ഉണ്ടാക്കാനാണ് യു.ഡി.എഫ് ശ്രമിച്ചത്.
രാഷ്ട്രീയമായി ഒന്നും പറയാനില്ലാത്തിനാലാണിത്. ജാതിയും മതവും പറഞ്ഞ് വോട്ട് ചോദിക്കുന്നത്. ജാതി ഭ്രാന്ത് ഇളക്കിവിടുന്നതനെതിരെ ജനങ്ങള്‍ ശക്തമായ മറുപടി നല്‍കും.
എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ക്കെതിരെ ഒരു ആരോപണവും ഉന്നയിക്കാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ല.
സര്‍ക്കാരും എല്‍.ഡി.എഫും വിശ്വാസികള്‍ക്കൊപ്പമാണെന്നതിന് ഏറ്റവും വലിയ തെളിവാണ് ശബരിമല വികസനത്തില്‍ സര്‍ക്കാര്‍ കാണിച്ച താല്‍പ്പര്യം.
മൂന്ന് വര്‍ഷത്തിനുള്ളില്‍ 1500 കോടി രൂപ അവിടെ ചെലവഴിച്ചൂവെന്ന് കണക്ക് മുന്നോട്ടുവച്ചിട്ടും യു.ഡി.എഫും ബി.ജെ.പിയും പ്രതികരിച്ചിട്ടില്ല.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ സാഹചര്യമല്ല ഇപ്പോള്‍ എന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. യു.ഡി.എഫിനെ അങ്കലാപ്പിലാക്കുന്നത് ഇതാണ്. ബി.ജെ.പിയെ ചെറുക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്ന് ബോധ്യമായി.
ബി.ജെ.പിക്ക് ശക്തിയുള്ള മണ്‌ഡലങ്ങളില്‍ പോലും വോട്ടുകച്ചവടത്തിനാണ് യു.ഡി.എഫുമായി അവര്‍ ശ്രമിക്കുന്നത്.
എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഭരണനേട്ടവും അഴിമതി വിരുദ്ധ നിലപാടും ജനങ്ങള്‍ വിലയിരുത്തും. പാലായിലെ ജനവിധി അഞ്ച് മണ്‌ഡലങ്ങളിലുംആവര്‍ത്തിക്കുമെന്ന് എ.വിജയരാഘവന്‍ പറഞ്ഞു.