Kerala

യുപി തെരഞ്ഞെടുപ്പ്; ഒന്നാംഘട്ട വോട്ടെടുപ്പിനായുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

ഒന്നാം ഘട്ട വോട്ടെടുപ്പിന് രണ്ടു ദിവസം മാത്രം ബാക്കി നിൽക്കെ,ഉത്തർപ്രദേശിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. രാവിലെ 11 മണിക്ക് ബിജെപി പ്രകടന പത്രികയും പുറത്തിറക്കും. വോട്ടെടുപ്പ് ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് ബിജെപിയുടെ പ്രകടനപത്രിക ഇന്ന് പുറത്തിറങ്ങുന്നത്. പ്രചാരണം അവസാന മണിക്കൂറുകളിലേക്ക് കടക്കുമ്പോൾ രൂക്ഷമായ വാക്പോരാണ് ഉത്തർപ്രദേശിൽ പാർട്ടി നേതാക്കൾക്കിടയിൽ നടക്കുന്നത്.

സംസ്ഥാനത്തെ 11 ജില്ലകളിലായുള്ള 58 സീറ്റുകളിലേക്കാണ് പോളിങ് നടക്കുക. സമാജ്‌വാദി പാർട്ടിയെയും അഖിലേഷ് യാദവിനെയും രാഹുൽ ഗാന്ധിയെയും, ഒരുപോലെ യോഗി ആദിത്യനാഥ്‌ കടന്നാക്രമിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസം നടന്ന ജൻ ചൗപ്പൽ യോഗങ്ങളിൽ കണ്ടത്. സംസ്ഥാനത്ത് വികസനം കൊണ്ട് വന്നത് യോഗി സർക്കാരിന്റെ കാലത്താണെന്ന് പ്രവർത്തകരെ അഭിസംബോധന ചെയ്ത നരേന്ദ്ര മോദിയും ഇന്നലെ അവകാശപ്പെട്ടിരുന്നു.

അന്തരിച്ച മുൻ ബിജെപി നേതാവ് ഉപേന്ദ്ര ദത്ത് ശുക്ലയുടെ ഭാര്യ, ശുഭവതി ശുക്ലയെ യോഗിയ്ക്ക് എതിരായി ഗോരഖ്പൂരിൽ നിന്ന് സമാജ്‌വാദി പാർട്ടി മത്സരിപ്പിക്കുന്നതും ബിജെപിയെ ചൊടിപ്പിച്ചിട്ടുണ്ട്.

ജനങ്ങൾ പിന്തുണച്ചാൽ അഖിലേഷ് യാദവ് ജയിക്കുമെന്നും, ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടി വിജയിക്കുന്നത് കാണാനാണ് താൻ ആഗ്രഹിക്കുന്നത് എന്നും മമത ബാനർജി പറഞ്ഞു. ഇതോടെ തൃണമൂൽ കോൺഗ്രസ്, ആർഎൽഡിക്കൊപ്പം നൽകുന്ന പിന്തുണ അഖിലേഷ് യാദവിനും പാർട്ടിക്കും വലിയ പ്രതീക്ഷയാണ് നൽകുന്നത്. കർഹാലിനു പുറമെ മുബാറക്പൂരിൽ നിന്നും അഖിലേഷ് യാദവ് മത്സരിക്കുന്നുണ്ട്. പരസ്യ പ്രചാരണത്തിന്റെ അവസാന ദിവസവും ഉത്തർപ്രദേശിൽ താരപ്രചാരകരെ തന്നെ രംഗത്ത് ഇറക്കാനാണ് രാഷ്ട്രീയ പാർട്ടികളുടെ നീക്കം.