Kerala

പ്രേമം നിരസിച്ചത് കൊലക്ക് കാരണം; ഉന്നാവ കൊലപാതകത്തില്‍ പൊലീസ്

ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ദലിത് പെണ്‍കുട്ടികള്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍. കൊലപാതകത്തിന് കാരണം പ്രേമം നിരസിച്ചതിനെ തുടര്‍ന്നെന്ന് പൊലീസ് പറഞ്ഞു. വെള്ളത്തില്‍ കീടനാശിനി നല്‍കിയായിരുന്നു കൊലപാതകമെന്നും പൊലീസ് പറഞ്ഞു. പ്രഥമദൃഷ്ടാ പെണ്‍കുട്ടികളുടെ ശരീരത്തില്‍ വിഷാംശം കണ്ടെത്തിയെന്ന് നേരത്തേ ഉന്നാവ് പോലീസ് വ്യക്തമാക്കിയിരുന്നു. കേസില്‍ വഴിത്തിരിവാകുന്ന വിവരങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടുന്നില്ലെന്നും ലക്‌നൗ ഡിജിപി പറഞ്ഞു. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രധാനപ്രതി വിനയും പ്രായപൂര്‍ത്തിയാകാത്ത കൂട്ടുപ്രതിയുമാണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസമായിരുന്നു ഉന്നാവില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് ദലിത് പെണ്‍കുട്ടികളെ ബോധരഹിതരായി കൃഷിയിടത്തില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും ഇതില്‍ രണ്ടുപേര്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. മൂന്നാമത്തെ പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ കാണ്‍പൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ച പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വെള്ളിയാഴ്ചയോടെ സംസ്‌കരിച്ചു. പെണ്‍കുട്ടികളെ കണ്ടെത്തുമ്പോള്‍ മൂവരുടേയും വസ്ത്രങ്ങള്‍ കീറി കൈയിലും കഴുത്തിലും കെട്ടിയിരിക്കുന്നതായി കാണപ്പെട്ടുവെന്നാണ് വിവരങ്ങള്‍. കുട്ടികളുടെ മാതാപിതാക്കള്‍ തന്നെയാണ് കെട്ടുകള്‍ അഴിച്ച് മാറ്റിയത്. അതേസമയം അന്വേഷണം പുരോഗമിക്കുമ്പോഴും പെണ്‍കുട്ടികള്‍ മരിച്ചത് എങ്ങനെയെന്ന് ഇതുവരെ സൂചനയൊന്നും ലഭിച്ചിട്ടില്ല.