Kerala

നെയ്യാറ്റിന്‍കരയില്‍ വിദ്യാര്‍ത്ഥിക്ക് അ‍ജ്ഞാത ദ്രാവകം നല്‍കി, ഛര്‍ദ്ദി; സ്കൂള്‍ അധികൃതര്‍ അവഗണിച്ചു

തിരുവനന്തപുരം: അഞ്ചാം ക്ലാസുകാരന്‍റെ കൈയും കാലും പൂട്ടിവച്ച് സഹവിദ്യാർത്ഥികൾ ലഹരിമരുന്ന് നൽകി ക്രൂരമായി മർദ്ദിക്കുകയും കോമ്പസ് വെച്ച് ശരീരത്തിൽ വരഞ്ഞതായും പരാതി. സംഭവം അറിഞ്ഞ് സ്കൂളിൽ എത്തിയ മർദ്ദനമേറ്റ കുട്ടിയുടെ ബന്ധുക്കളോട് സ്കൂൾ അധികൃതർ മോശമായി പെരുമാറുകയും സംഭവത്തിൽ സാക്ഷി പറയാൻ എത്തിയ കുട്ടികളെ വിരട്ടി ഓടിച്ചതായും പരാതിയില്‍ പറയുന്നു. നെല്ലിമൂട് ന്യം ഹയർ സെക്കന്‍ണ്ടറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയും നെയ്യാറ്റിൻകര തൊഴുക്കല്‍ സ്വദേശി രാജേഷ് കൃഷ്ണയുടെ മകനുമായ പത്ത് വയസുകാരൻ നവനീത് കൃഷ്ണയെ ആണ് മയക്കുമരുന്ന് നൽകിയ ശേഷം ഒരു സംഘം വിദ്യാർത്ഥികൾ മർദിച്ചത്. നേരത്തെ നെയ്യാറ്റില്‍കരയില്‍ വച്ച് അ‍ജ്ഞാതനായ സ്കൂള്‍ യൂണിഫോം ധരിച്ചെത്തിയ കുട്ടി മെതുകുമ്മല്‍ സ്വദേശിയായ അശ്വിന് (11) അജ്ഞാത ദ്രാവകം നല്‍കിയതിനെ തുടര്‍ന്ന് കുട്ടി അവശനിലയിലാവുകയും ഏതാണ്ട് 10 ദിവസത്തോളം ആശുപത്രിയില്‍ കിടന്ന ശേഷം മരണത്തിന് കീഴടങ്ങുകയും ചെയ്തിരുന്നു. സെപ്തംബര്‍ 24-ായിരുന്നു ഈ സംഭവം. 

ഇതേ സ്കൂളിൽ പഠിക്കുന്ന അഞ്ച്, പത്ത് ക്ലാസുകളിലെ നാല് കുട്ടികൾക്ക് എതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. സ്കൂളിലെ ഓണാഘോഷ പരിപാടികൾക്ക് ഇടയിൽ കുട്ടിയുടെ കൈകാലുകൾ പിടിച്ച് വെച്ച് ബ്രൗൺ നിറത്തിലുള്ള ദ്രാവകം വായിലൂടെ ഒഴിച്ച് നൽകിയതായും കുട്ടി പറയുന്നു. ഇതിന് ശേഷം അവശനിലയിലായ നവനീത് അവിടെ തന്നെ കിടന്നുറങ്ങി. തുടർന്ന് കുട്ടിയെ കാണാതെ അന്വേഷിച്ചെത്തിയ ബസ് ഡ്രൈവറാണ് കുട്ടിയെ ക്ലാസ് മുറിയില്‍ മയങ്ങിക്കിടക്കുന്നതായി കണ്ടെത്തിയതും അവിടെ നിന്ന് വീട്ടിലെത്തിച്ചതും. 

ഒക്ടോബർ 28, 29 തിയതികളിലാണ് നവനീതിന് നേരെ വീണ്ടും ആക്രമം നടന്നത്. ഇത്തവണ മർദ്ദിച്ച ശേഷം കൈയും കാലും പിടിച്ച് വെച്ച് പിങ്ക് നിറത്തിലുള്ള കേക്കും ചുമന്ന നിറത്തിലുള്ള ദ്രാവകവും വെള്ളത്തിൽ കലർത്തി സിറിഞ്ച് വഴി വായിലേക്ക് ഒഴിക്കുകയായിരുന്നെന്നും നവനീത് പറയുന്നു. തുടർന്ന് ദേഹം തളർന്ന നവനീത് സംഭവം അധ്യാപകനോട് പറഞ്ഞെങ്കിലും വിട്ടുകളയാനാണ് അദേഹം പറഞ്ഞതെന്ന് കുട്ടി ആരോപിക്കുന്നു. വീട്ടിലെത്തിയ നവനീത് സഹപാഠികൾ നിരന്തരം ഉപദ്രവിക്കുന്ന കാര്യം പിതാവിനോട് പറഞ്ഞു. പിതാവ് ഉടനെ സംഭവം അധ്യാപികയെ വിളിച്ച് അറിയിച്ചു. 

എന്നാൽ, അടുത്ത ദിവസവും കുട്ടിക്ക് നേരെ വീണ്ടും ആക്രമണമുണ്ടായി. വീട്ടിൽ പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയ വിദ്യാർത്ഥികൾ കോമ്പസ് കൊണ്ട് നവനീതിന്‍റെ ശരീരത്തിൽ വരഞ്ഞു. തിരികെ വീട്ടിലെത്തിയ കുട്ടിക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചു. ഇവിടെ നിന്ന് എസ്.എ.ടി ആശുപത്രിയിലേക്ക് കുട്ടിയെ റഫർ ചെയ്തു. ആശുപത്രിയിലേക്ക് പോകുന്നതിനായി വീട്ടിലെത്തിയപ്പോള്‍ കുട്ടി വീണ്ടും ഛര്‍ദ്ദിച്ചു. തുടർന്ന് കുട്ടിയെ തെട്ടടുത്തുള്ള കരമനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ നടത്തിയ പരിശോധനയിൽ കുട്ടിക്ക് ശാരീരിക ക്ഷതമേറ്റതിനാലാണ് ഛര്‍ദ്ദിച്ചതെന്ന് കണ്ടെത്തി. ഇതിനുള്ള ചികിത്സയും നൽകി. 

തിരികെ വീട്ടിലെത്തിയപ്പോഴാണ് കുട്ടി ഛര്‍ദ്ദിച്ച സ്ഥലത്ത് പിങ്ക് നിറത്തിലുള്ള ദ്രാവകം കണ്ടത്. ഇതേ തുടര്‍ന്ന്  കുട്ടിയുടെ അമ്മ കൂടുതല്‍ ചോദിച്ചപ്പോഴാണ് സ്കൂളികള്‍ വച്ച് പിടിച്ച് വച്ച് കേക്കും പിങ്ക് നിറത്തിലുള്ള ദ്രാവകം കലര്‍ന്ന വെള്ളവും നല്‍കിയ വിവരം കുട്ടി വീട്ടുകാരോട് പറഞ്ഞത്. തുടർന്ന് സ്കൂളിൽ എത്തിയ രക്ഷകർത്താക്കൾ ഹെഡ്മിസ്ട്രസിന് പരാതി നൽകിയെങ്കിലും കുട്ടിക്ക് എന്ത് ദ്രാവകമാണ് നൽകിയതെന്ന് കുട്ടികൾ പറഞ്ഞില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. കൂടാതെ സംഭവം കണ്ട് നിന്ന കുട്ടികളെ സാക്ഷി പറയിക്കാന്‍ സമ്മതിക്കാതെ സ്കൂള്‍ അധികൃതര്‍ വിരട്ടി ഓടിച്ചെന്നും ബന്ധുക്കൾ ആരോപിക്കുന്നു. വീട്ടുകാർ വിവരം അറിയിച്ചത് അനുസരിച്ച് ചൈൽഡ് ലൈൻ പ്രവർത്തകർ വീട്ടിലെത്തി കുട്ടിയിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. സംഭവത്തിൽ നെയ്യാറ്റിൻകര ഡിവൈഎസ്പിക്ക് ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്.