തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ വധശ്രമക്കേസിൽ മുഖ്യ പ്രതികൾ കുറ്റം സമ്മതിച്ചു. അഖിലിനെ കുത്തിയത് താനാണെന്ന് ശിവരഞ്ജിത്ത് പൊലീസിനോട് സമ്മതിച്ചു. പെട്ടെന്നുണ്ടായ പ്രകോപനം ആണ് ആക്രമണത്തിന് കാരണമെന്നും അറസ്റ്റിലായവര്‍ പൊലീസിനോട് പറഞ്ഞു. പ്രതികളെ വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കും.
ഇന്ന് പുലർച്ചെ പിടിയിലായ ശിവരഞ്ജിത്തിനെയും നസീമിനെയും പ്രാഥമികമായി ചോദ്യം ചെയ്തപ്പോഴാണ് പ്രതികൾ കുറ്റം സമ്മതിച്ചത്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന അഖിലും കൂട്ടുകാരുമാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത് എന്നു പറഞ്ഞ പ്രതികൾ പെട്ടെന്നുണ്ടായ പ്രകോപനം ആണ് അഖിലിനെ ആക്രമിക്കാൻ കാരണം എന്നു പൊലീസിനോട് പറഞ്ഞു. രാഷ്ട്രീയപരമായ തർക്കങ്ങൾ തങ്ങൾ തമ്മിൽ ഉണ്ടായിരുന്നില്ല എന്നും പ്രതികൾ പൊലീസിനോട് പറഞ്ഞു.
ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്നും പരീക്ഷാ പേപ്പറുകളും സീലും കണ്ടെത്തിയ സംഭവത്തിൽ പ്രതികളെ പൊലീസ് പിന്നീട് വിശദമായി ചോദ്യംചെയ്യും. അതേസമയം കേസ് അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്ന് അഖിലിന്റെ അച്ഛന് ചന്ദ്രൻ പ്രതികരിച്ചു.
എന്നാല്‍ പ്രതികൾക്ക് പിന്തുണയുമായി പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ രംഗത്തെത്തി. അസോസിയേഷൻ ഔദ്യോഗിക വാട്സ്ആപ്പ് കൂട്ടായ്മയിലാണ് പ്രതികളെ പിന്തുണച്ചുകൊണ്ടുള്ള പോസ്റ്റുകൾ എത്തിയത്. പ്രതികൾ പൊലീസിലെ കെ.എ.പി ബറ്റാലിയനിൽ തെരഞ്ഞെടുക്കപ്പെട്ടതിൽ അസ്വാഭാവികത ഒന്നുമില്ല എന്ന് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി.ആര് ബിജു തന്നെ പോസ്റ്റ് ചെയ്തു.