India Kerala

യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസ്; പ്രതികള്‍ പൊലീസ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടതിനെ കുറിച്ച് ഇന്ന് അന്വേഷണം തുടങ്ങും

യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസിലെ പ്രതികള്‍ പൊലീസ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടതിനെ കുറിച്ച് ഇന്ന് അന്വേഷണം തുടങ്ങും. ആഭ്യന്തര വിജിലന്‍സിനാണ് അന്വേഷണ ചുമതല. അതേസമയം വിഷയത്തില്‍ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു നടത്തുന്ന നിരാഹര സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു.

കെ.എ.പി നാലാം ബറ്റാലിയന്റെ റാങ്ക് ലിസ്റ്റില്‍ യൂണിവേഴ്സിറ്റി അക്രമക്കേസിലെ പ്രതികള്‍ ഉയര്‍ന്ന റാങ്കുകളിലെത്തിയത് കഴിഞ്ഞ ദിവസം ചേര്‍ന്ന പി എസ് സി യോഗം ചര്‍ച്ച ചെയ്തിരുന്നു. നടപടിയെന്നോണം പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട മൂന്ന് വിദ്യാര്‍ഥികളുടെ അഡ്വൈസ് മെമ്മോ റദ്ദാക്കാനും ആഭ്യന്തര വിജിലന്‍സിനെ കൊണ്ട് വിഷയം അന്വേഷിപ്പിക്കാനും ബോര്‍ഡ് യോഗം തീരുമാനിച്ചിരുന്നു. ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇന്ന് അന്വേഷണം ആരംഭിക്കുന്നത്. ഇന്റര്‍ കോളേജ് ഹാന്‍ഡ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ നേടിയ വിജയത്തിനായിരുന്നു ഒന്നാം പ്രതിയായ ശിവരജ്ഞിത്തിന് വെയ്റ്റേജ് മാര്‍ക്ക് നല്‍കിയത്. ഇതിനായി സമര്‍പ്പിച്ച രേഖയിലെ ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടറുടെ സീല്‍ വ്യാജമാണോ എന്നതുള്‍പ്പെടെ പരിശോധിക്കും.

അതേസമയം ശിവരജ്ഞിത്തിന്റെ വീട്ടില്‍ നിന്ന് യൂണിവേഴ്സിറ്റിയുടെ ഉത്തരപേപ്പര്‍ കണ്ടെത്തിയ സംഭവത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍ കോളജീറ്റ് എഡ്യുക്കേഷന്‍ ഡയറക്ടറോട് തേടിയ റിപ്പോര്‍ട്ടിന്‍ മേലുള്ള അന്വേഷണ നടപടികളും ഇന്ന് ആരംഭിച്ചേക്കും. യൂണിവേഴ്സിറ്റി കോളേജില്‍ നടന്ന സംഘര്‍ഷത്തിലും തുടര്‍ സംഭവങ്ങളിലും ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിന് മുന്നില്‍ കെ.എസ്.യു നടത്തുന്ന നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. വിഷയത്തില്‍ പ്രതിഷേധം കടുപ്പിക്കാനാണ് വിവിധ വിദ്യാര്‍ത്ഥി സംഘടനകളുടെ നീക്കം. കോളേജിലെ യൂണിയന്‍ റൂം മാറ്റി ക്ലാസ്സ് റൂമാക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നതിനാല്‍ രണ്ട് ദിവസം കഴിഞ്ഞ മാത്രമെ റഗുലര്‍ ക്ലാസ്സുകള്‍ ആരംഭിക്കുയുള്ളൂ.