യൂണിവേഴ്സിറ്റി കോളേജിലെ ഉത്തരക്കടലാസ് മോഷണക്കേസ് അന്വേഷണം അധ്യാപകരിലേക്ക് നീളുന്നു. മുന്‍ പ്രിന്‍സിപ്പല്‍മാരുടേയും അധ്യാപകരുടേയും മൊഴി പൊലീസ് രേഖപ്പെടുത്തി. പി.എസ്.സി പരീക്ഷ തട്ടിപ്പ് നടത്തിയ വധശ്രമക്കേസ് പ്രതി പി.പി പ്രണവ് ഇപ്പോഴും ഒളിവിലാണ്. വധശ്രമക്കേസ് അന്വേഷണം സി.പി.എം നേതാക്കള്‍ ഇടപെട്ട് മരവിപ്പിച്ചു.
അധ്യാപകരോ പ്രിന്‍സിപ്പല്‍മാരോ അറിയാതെ ഉത്തരക്കടലാസുകള്‍ കൂട്ടത്തോടെ മോഷ്ടിക്കപ്പെടില്ല എന്ന നിഗമനമാണ് അന്വേഷണ സംഘത്തിനുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തുന്നത്. ഇന്നും മൂന്ന് അധ്യാപകരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. പങ്ക് തെളിഞ്ഞാല്‍ ഇവരെ കൂട്ടു പ്രതിയാക്കും. രണ്ട് പ്രിന്‍സിപ്പാള്‍മാരടക്കം 6 പേര്‍ ഇതുവരെ മൊഴി നല്‍കിയിട്ടുണ്ട്. ശിവരഞ്ജിത്താണ് ഇപ്പോള്‍ കേസിലെ ഏകപ്രതി.
പ്രവീണിനെയും നസീമിനേയും കൂടി പ്രതി ചേര്‍ക്കുന്ന കാര്യം പൊലീസ് പരിശോധിക്കുകയാണ്. അതേസമയം അഖില്‍ വധ ശ്രമക്കേസിലെ പത്ത് പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്. പി.എസ്.സി പരീക്ഷയില്‍ തന്നെ തട്ടിപ്പ് നടത്തിയ പി.പി പ്രവീണും ഇതില്‍ ഉള്‍പ്പെടും. ഇവരെ പ്രാദേശികമായി സി.പി.എം നേതാക്കള്‍ സംരക്ഷിക്കുന്നതായാണ് വിവരം. ഇവര്‍ക്കായുള്ള തിരച്ചില്‍ പാര്‍ട്ടി സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അന്വേഷണം സംഘം നിര്‍ത്തിവച്ചിരിക്കുകയാണ്. നേരത്തെ പിടിയിലായ ശിവരഞ്ജിത്ത് നസീം, അദ്വൈത്, ആദില്‍, അതുല്‍ എന്നിവര്‍ ഇപ്പോഴും ജൂഡിഷ്യല്‍ കസ്റ്റഡിയിലാണ്.