Kerala

ബി.ജെ.പി കോര്‍ കമ്മറ്റി യോഗത്തില്‍ കേന്ദ്രമന്ത്രി വി.മുരളീധരന് വിമര്‍ശം

മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ കോണ്‍ഗ്രസ് ബന്ധമുള്ളവരുണ്ടെന്നും ഡിആര്‍ഡിഒ കേസിലെ പ്രതി മന്ത്രിയുടെ ഓഫീസ് അംഗത്തെ പോലെയാണ് പൊരുമാറുന്നതെന്നുമാണ് ആക്ഷേപം ഉയര്‍ന്നത്

കൊച്ചിയില്‍ ചേരുന്ന ബി.ജെ.പി കോര്‍ കമ്മറ്റി യോഗത്തില്‍ കേന്ദ്രസഹമന്ത്രി വി.മുരളീധരന് വിമര്‍ശം. മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ കോണ്‍ഗ്രസ് ബന്ധമുള്ളവരുണ്ടെന്നും ഡിആര്‍ഡിഒ കേസിലെ പ്രതി മന്ത്രിയുടെ ഓഫീസ് അംഗത്തെ പോലെയാണ് പൊരുമാറുന്നതെന്നുമാണ് ആക്ഷേപം ഉയര്‍ന്നത്. കൃഷ്ണദാസ് പക്ഷമാണ് കേന്ദ്രമന്ത്രിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് ഇന്ന് കൊച്ചിയില്‍ ബി.ജെ.പി കോര്‍ കമ്മറ്റി യോഗം ചേര്‍ന്നത്. യോഗത്തില്‍ കേന്ദ്രമന്ത്രി വി മുരളീധരനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് കൃഷ്ണദാസ് പക്ഷം ഉന്നയിച്ചിരിക്കുന്നത്. മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളില്‍ കോണ്‍ഗ്രസ് ബന്ധമുള്ളവരും പാര്‍ട്ടി ബന്ധമില്ലാത്തവരും ഉണ്ട്. കൂടാതെ ഡിആര്‍ഡിഒ ശാസ്ത്രജ്ഞന്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ കേസില്‍ ഉള്‍പ്പെട്ടയാള്‍ മന്ത്രിയുടെ ഓഫീസിലെ നിത്യ സന്ദര്‍ശകനാണ്. ഇയാള്‍ ഓഫീസ് അംഗത്തെ പോലെയാണ് പ്രവര്‍ത്തിക്കുന്നത്.

പാര്‍ട്ടി നേതാക്കള്‍ക്ക് ആവശ്യമായ കാര്യങ്ങള്‍ ചെയ്യുന്നില്ല. പാര്‍ട്ടി പ്രവര്‍ത്തകരെ നിശാരപ്പെടുത്തുന്ന കാര്യങ്ങളാണ് നടക്കുന്നതെന്നുമാണ് കൃഷ്ണദാസ് പക്ഷം ആരോപണം ഉന്നയിച്ചിരിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകരെയടക്കം വിദേശത്ത് നിന്ന് മടക്കിക്കൊണ്ടുവരുന്നതില്‍ ഇടപെടല്‍ നടത്തിയില്ലെന്നും ഇവര്‍ ആരോപണം ഉന്നയിക്കുന്നു. എന്നാല്‍ കേന്ദ്രമന്ത്രിക്കെതിരായി വിമര്‍ശനങ്ങളില്‍ കഴന്പില്ലെന്നാണ് സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍റെ നിലപാട്. മുരളീധരനും വീഡിയോ കോണ്‍ഫറന്‍സ് വഴി യോഗത്തില്‍ പങ്കെടുത്തിരുന്നു.